വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ തർക്കം അഡ്വ. കുളത്തൂർ ജയ്‌സിങിനെ നേരിൽ കേൾക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവി.
വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ തർക്കം അഡ്വ. കുളത്തൂർ ജയ്‌സിങിനെ നേരിൽ കേൾക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവി.
വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റും ജീവനക്കാരും തമ്മിലുള്ള സ്ഥിരമായി ഉണ്ടാകുന്ന തർക്കങ്ങളിൽ ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർ നടപടിയ്ക്ക് മുമ്പ് അഭിഭാഷകനെ നേരിൽ കേൾക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി നിർദ്ദേശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയും ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയും തമ്മിൽ രൂക്ഷ തർക്കം സ്ഥിരമായി ഉണ്ടാകുകയും പ്രസിഡന്റും ജീവനക്കാരും ഇരു ചേരികളിൽ നിലയുറപ്പിച്ചതോടെ പല പദ്ധതികളുടെയും നിർവ്വഹണ നടത്തിപ്പിൽ തടസ്സങ്ങൾ ഉണ്ടായി. ഓഫീസ് സമയം കഴിഞ്ഞു പഞ്ചായത്ത് വാഹനം ഉപയോഗിക്കുവാൻ നൽകുവാൻ കഴിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് സെക്രെട്ടറി നിലപാട് എടുത്തതാണ് പ്രസിഡന്റുമായി തർക്കം ഉണ്ടാകുവാൻ ആദ്യ കാരണമായി മാറിയത്. പഞ്ചായത്തിലെ വിവിധ പ്രോഗ്രാമുകൾ വൈകുന്നേരം 5 മണിക്ക് ശേഷവും നടക്കാറുണ്ടെന്നും ഓഫീസ് ആവശ്യത്തിനായി കളക്ട്രേറ്റിലും മറ്റും പോയി മടങ്ങുമ്പോൾ രാത്രി ആകുന്നത് സെക്രെട്ടറി മനപ്പൂർവ്വം പരിഗണിക്കുന്നില്ലെന്നും മറ്റ് ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിമാർക്കില്ലാത്ത മാനദണ്ഡം വെള്ളനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതിനെതിരെ പ്രസിഡന്റ് രംഗത്ത് വന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ അധികൃതർ ഇടപെടാതെ വന്നതോടെ ജീവനക്കാരും പ്രസിഡന്റും തമ്മിലുള്ള പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും അടുത്ത ഘട്ടം വഴിയൊരുക്കി കയ്യാങ്കളിവരെ വിഷയങ്ങൾ എത്തിയിട്ടും തദ്ദേശ സ്വയംഭരണ വകുപ്പോ ജില്ലാ കളക്ടറോ ഇടപെടാത്ത സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ലെന്ന് കാണിച്ചാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
പഞ്ചവത്സര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റിനും ഭരണ സമിതിക്കും വിപുലമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ കൃത്യമായ അധികാരങ്ങൾ ഏതെല്ലാം കാര്യങ്ങൾക്ക് എന്ന വിഷയത്തിൽ വ്യക്തമായ മാർഗ്ഗരേഖ നൽകാത്തതാണ് പലപ്പോഴും ഭരണസമിതി അംഗങ്ങളും ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും തമ്മിലുള്ള പ്രശ്നം സംബന്ധിച്ച വിഷയത്തിൽ ഗുരുതര അച്ചടക്ക ലംഘനം ഇരു വിഭാഗങ്ങളിൽ നിന്നും ഉണ്ടായതായും ആരോഗ്യ വിഭാഗമാണ് ഇതിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്നതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.

