വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ കുരങ്ങ് എറിഞ്ഞു പരിക്കേൽപ്പിച്ചു
തെങ്ങ് ചതിക്കില്ലെന്നാണ് വ്യാപകമായി പറയാറുള്ളത്. എന്നാല്‍ തെങ്ങില്‍ കുരങ്ങിരിക്കുന്നുണ്ടെങ്കില്‍ ചതിപറ്റാം എന്ന അനുഭവമാണ് നിലമ്പൂരെ വീട്ടമ്മയ്ക്ക് ഉള്ളത്. വനത്തോട് ചേര്‍ന്ന മേഖലയിലെ സ്വന്തം വീട്ടില്‍ വച്ചാണ് വീട്ടമ്മയ്ക്ക് നേരെ കുരങ്ങിന്റെ ആക്രമണം ഉണ്ടായത്.നിലമ്പൂരിൽ കുരങ്ങ് വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ഇടതു കൈ ഒടിഞ്ഞ സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമി എന്ന 56കാരിക്കാണ് പരിക്കേറ്റത്. സെപ്തംബര്‍ 26ന് വൈകിട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോഴാണ് സംഭവം. അമരമ്പലം റിസർവ് വനത്തിന് സമീപം ആണ് മാമ്പൊയിൽ പ്രദേശം. വനത്തിന്റെ മൂന്ന് വശം ജനവാസ മേഖലയും ഒരു ഭാഗം പുഴയും ആണ്. എന്നാല്‍ ഈ പ്രദേശത്ത് ആദ്യമായാണ് മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്നത്.