25 കോടി രൂപയുടെ സ്വർണവുമായി കടന്ന മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് സഹായകമായത് മറ്റൊരു കള്ളൻ
അടച്ചിട്ട ജ്വല്ലറിയിൽ 20 മണിക്കൂറിലെ ചെലവഴിച്ച് 25 കോടി രൂപയുടെ സ്വർണവുമായി കടന്ന മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് സഹായകമായത് മറ്റൊരു കള്ളൻ നൽകിയ സൂചന. ഡൽഹിയിലെ ജ്വല്ലറിയിൽ നടന്ന 25 കോടിയുടെ കവർച്ചയ്ക്കാണ് ഇതോടെ തുമ്പായത്. വൻകവർച്ചയെക്കുറിച്ചും മോഷ്ടാവിനെ പിടികൂടാൻ സഹായകമായ വഴിത്തിരിവിനെക്കുറിച്ചും പൊലീസ് പറയുന്നത് ഇങ്ങനെ:ഛത്തീസ്ഗഡിൽ നിന്ന് ഡൽഹിയിലെത്തിയായിരുന്നു ലോകേഷ് ശ്രീവാസ് കവർച്ച നടത്തിയത്. ഭോഗൽ മേഖലയിലെ ഉമാറാവു ജ്വല്ലറിയിലായിരുന്നു കവർച്ച നടന്നത്. ഈ മാസമാദ്യമാണ് ലോകേഷ് ശ്രീവാസ് ബസ് മാർഗം ഡൽഹിയിലെത്തിയത്. തുടർന്ന് കവർച്ച നടത്തേണ്ട ജ്വല്ലറി കണ്ടെത്താൻ ശ്രമം തുടങ്ങി. ഇങ്ങനെയാണ് തിങ്കളാഴ്ചകളിൽ അടച്ചിടാറുള്ള ഉമാറാവു ജ്വല്ലറി കണ്ടെത്തുന്നത്. സപ്തംബർ 24 ഞായറാഴ്ച രാത്രി 11ഓടെ സമീപമുള്ള കെട്ടിടത്തിലൂടെ കയറി ലോകേഷ് ജ്വല്ലറിയുടെ ഉള്ളിലെത്തി. രാത്രി മുഴുവൻ ജ്വല്ലറിയിൽ കഴിഞ്ഞ മോഷ്ടാവ് രാവിലെ പണി തുടങ്ങി. ഡിസ്പ്ലേക്ക് വച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച ശേഷം ഭിത്തി തുരന്ന് സ്റ്റോർ റൂമിൽ കടന്നു.ഇവിടെ സൂക്ഷിച്ചിരുന്ന സ്വർണവും അപഹരിച്ചു. തിങ്കളാഴ്ച രാത്രി 7ഓടെ കയറിയ വഴിയിലൂടെ തന്നെ കടയ്ക്കുള്ളിൽ നിന്ന് മോഷ്ടാവ് തിരികെ ഇറങ്ങി. കശ്മീർ ഗേറ്റിനു സമീപത്തെ ബസ് ടെർമിനലിൽ എത്തിയ പ്രതി ഇവിടെ നിന്ന് ഒരു ബാഗ് കൂടി വാങ്ങുകയും കടയിൽ തിരികെയെത്തിയ ശേഷം മോഷണമുതലുകൾ രണ്ടു ബാഗുകളിലായി നിറയ്ക്കുകയും ചെയ്തു. പിറ്റേദിവസം കട തുറന്നപ്പോഴാണ് മോഷണം പുറത്തറിയുന്നത്. പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ ഛത്തീഗഡ് പൊലീസിൽ നിന്ന് ഡൽഹി പൊലീസിന് ഒരു ഫോൺകോളെത്തുന്നു. അവർ പിടികൂടിയ മറ്റൊരു മോഷ്ടാവ് ലോകേഷ് റാവുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്.ഡൽഹിയിൽ വലിയ ജോലി നടത്തിയ ശേഷം ലോകേഷ് ശ്രീവാസ് ബിലാസ്പൂറിലെ വാടകവീട്ടിൽ തിരിച്ചെത്തിയെന്നായിരുന്നു ലോകേഷ് റാവുവിന്റെ വെളിപ്പെടുത്തൽ. തുടർന്ന് ഡൽഹി പൊലീസ് ലോകേഷ് ശ്രീവാസിന്റെ ഫോട്ടോ സാമൂഹിക മാധ്യമത്തിൽ നിന്ന് കണ്ടെത്തി. ഈ ഫോട്ടോയും കവർച്ച നടന്ന ജ്വല്ലറിയുടെ സമീപത്തുനിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ സംശയമുള്ളവരുടെ രൂപവുമായി ഒത്തുനോക്കി. ഇതോടെ ലോകേഷ് ശ്രീവാസിനെ തിരിച്ചറിഞ്ഞു. ബസ് ടെർമിനലിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ രാത്രി 8.40 ടിക്കറ്റ് വാങ്ങുന്നതും രണ്ടു ബാഗുകളുമായി ലോകേഷ് പോവുന്നതും കണ്ടെത്തി. തുടർന്ന് ഡൽഹി പൊലീസ് സംഘം ഛത്തീസ്ഗഡിലേക്ക് തിരിച്ചു. ബിലാസ്പൂരിനു സമീപുഉള്ള സ്മൃതി നഗറിലെത്തിയ പൊലീസ് സംഘം ലോകേഷ് ശ്രീവാസിന്റെ വാടകവീട്ടിലെത്തി. ഈ സമയം ലോകേഷ് വീട്ടിലുണ്ടായിരുന്നില്ല. രാത്രി മുഴുവൻ ഇവിടെ നിന്ന പൊലീസ് പുലർച്ചെ അഞ്ചേമുക്കാലോടെ ലോകേഷ് വീട്ടിലെത്തിയപ്പോൾ പിടികൂടുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ്.