പൊലീസ് അഴിമതിക്കാരുടെ സംരക്ഷകരാകരുത് : മാങ്കോട് രാധാകൃഷ്ണൻ
നെടുമങ്ങാട് : അഴിമതി രഹിത സിവിൽ സർവീസാണ് എൽഡിഎഫ് ഗവൺമെന്റിന്റെ പ്രഖ്യാപിത നയമെന്നും സർക്കാർ ജീവനക്കാർ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ അത്തരത്തിൽ വേണം സമീപിക്കാനെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ജാതി സർട്ടിഫിക്കറ്റിനു കൈക്കൂലി ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത പിഎസ് സി ഉദ്യോഗാർത്ഥികൾക്കും സിപിഐ പ്രവർത്തകർക്കും എതിരെ കള്ളക്കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ ആര്യനാട് പൊലീസ് സ്റ്റേഷനിലേക്കും വില്ലേജ് ഓഫീസിലേക്കും സിപിഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങൾ അവരുടെ ആവശ്യങ്ങളുമായി സമീപിക്കുമ്പോൾഎൽഡിഎഫ് ഗവൺമെന്റിന്റെ നയങ്ങൾക്കു വിരുദ്ധമായി ന്യൂനപക്ഷം ജീവനക്കാർപണത്തിനു വേണ്ടി ബുദ്ധിമുട്ടിക്കുന്ന പ്രവണതയുണ്ട്. ആര്യനാട് വില്ലേജ് ഓഫീസിൽജാതി സർട്ടിഫിക്കറ്റിനു വേണ്ടി വന്ന രണ്ടു പേരോടു പണം ആവശ്യപ്പെട്ട് നീതി നിഷേധിച്ചത് ചോദ്യം ചെയ്യുകയും പ്രശ്നത്തിൽ ഇടപെട്ട് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുകയുമാണ് സിപിഐ പ്രവർത്തകർ ചെയ്തിട്ടുള്ളത്. താലൂക്ക് തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച ശേഷം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കിയത് തികഞ്ഞ നീതി നിഷേധവും പ്രതിഷേധാർഹമായ നടപടിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും സർക്കാർ നയത്തിനു വിരുദ്ധമായി പൊതു ജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുകയും ചെയ്ത വില്ലേജോഫീസർക്കെതിരെയും കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.സമരസമിതി ചെയർമാൻ അരുവിക്കര വിജയൻ നായർ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ, അരുവിക്കര മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, ജില്ലാ കൗൺസിൽ അംഗം ഈഞ്ചപ്പുരി സന്തു, മണ്ഡലം മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി രാമചന്ദ്രൻ ,ഉഴമലയ്ക്കൽ ശേഖരൻ, വെള്ളനാട് സതീശൻ, ജി രാജീവ് , പുറുത്തിപ്പാറ സജീവ് , കളത്തറ മധു , കെ ഹരിസുധൻ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷാ ജി. ആനന്ദ്, ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ഷീജ , അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേണുകാ രവി തുടങ്ങിയവർ സംസാരിച്ചു.കോരിച്ചൊരിയുന്ന മഴയിലും ചോരാത്ത ആവേശവുമായി നൂറു കണക്കിന് പ്രവർത്തകർ മാർച്ചിലും ധർണ്ണയിലും അണിനിരന്നു. ആര്യനാട് കെഎസ്ആർടിസി ബസ്സ്റ്റാന്റിന് സമീപത്തു നിന്നാരംഭിച്ച ബഹുജന മാർച്ചിന് സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ വിജയകുമാർ, ഇറവൂർ പ്രവീൺ , അഡ്വ.എ എസ് റഹീം, സുനിൽ നീലിമ, കല്ലാർ അജിൽ,മധു സി. വാര്യർ, വിനോദ് കടയറ, ഷിജു സുധാകർ, ഷമീം പുളിമൂട്, കണ്ണൻ എസ്. ലാൽ, സന്തോഷ് വിതുര, അഡ്വ.മിനി, അഡ്വ. ആര്യനാട് മുരളി തുടങ്ങിയവർ നേതൃത്വം നൽകി.ഫോട്ടോ കാപ്ഷൻ : ആര്യനാട് സിപിഐ ബഹുജന മാർച്ച് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.