കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി : പദ്മകുമാറിന്റെ പേരിലുള്ളത് കോടികളുടെ സ്വത്തുക്കളെന്ന് വിവരങ്ങൾ : എങ്ങനെ ഇത്രയും സ്വത്തുകൾ പദ്‌മകുമാർ സമ്പാദിച്ചു ?

Spread the love

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായിരിക്കുകയാണ്. ഒരു വര്‍ഷം നീണ്ട ആസൂത്രത്തിനൊടുവില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറിനെയും കുടുംബത്തെയും തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് താന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പദ്മകുമാര്‍ പറയുന്നത്. പണം അത്യാവശ്യമായിരുന്നു. ബാങ്കിലും വലിയ കടമുണ്ട്. സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുമുണ്ട്. ബാങ്കിലെ കടം അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ടത് ആവശ്യമായിരുന്നു- എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് കാരണമായി പദ്മകുമാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 10 ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് പദ്മകുമാറും കുടുംബവും കുട്ടിയെ തട്ടിക്കൊണ്ടു പോയതെങ്കിലും ഇവരുടെ പേരിലുള്ളത്ഏക്കര്‍ കണക്കിന് സ്ഥലവും സ്വത്തുക്കളുമാണെന്നാണ് വിവരം. ധാരാളം ബിസിനസുകളും ഇവരുടെ പേരില്‍ നടക്കുന്നുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.പദ്മകുമാറിന്റെ പേരില്‍ ചിറക്കരയിലെ പോളച്ചിറ തെങ്ങുവിളയില്‍ ആറര ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഫാം ഹൗസുണ്ട്. ഈ ഫാം ഹൗസില്‍ രണ്ടു ചെറിയ വീടുകളുമുണ്ട്. എല്ലാ ദിവസവും പദ്മകുമാര്‍ ഫാം ഹൗസ് സന്ദര്‍ശിച്ചിരുന്നു എന്നാണ് വിവരം. പദ്മകുമാര്‍ പിടിയിലാകുന്നത് വെള്ളിയാഴ്ചയാണ്. വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിവരെ പദ്മകുമാറും കുടുംബവും ഫാം ഹൗസില്‍ ഉണ്ടായിരുന്നു. പിറ്റേന്ന് വീണ്ടും വരാം എന്നു പറഞ്ഞാണ് ഇവര്‍ ഫാം ഹൗസ് വിട്ടത്. ഫാം ഹൗസില്‍ ഷീബ എന്ന സ്ത്രീയാണ് ജോലി ചെയ്യുന്നത്. പിറ്റേദിവസം ഷീബയെ വിളിച്ച പദ്മകുമാര്‍ തങ്ങള്‍ തമിഴ്‌നാട്ടിലാണെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെ പൊലീസ് ഫാം ഹൗസില്‍ എത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. ഈ ഫാം ഹൗസില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറില്‍ ഘടിപ്പിച്ചിരുന്ന വ്യാജ നമ്പര്‍ പ്ലേറ്റ് കണ്ടെടുത്തത്.ചാത്തന്നൂരില്‍ പദ്മകുമാറിന്റെ പേരിലുള്ളത് കൊട്ടാര സദൃശ്യമായ ഒരു വീടാണ്. ഈ വീട് നിര്‍മ്മിക്കുന്ന സമയത്ത് ആ പ്രദേശത്തെ ഏറ്റവും വലിയ കെട്ടിടം ആയിരുന്നു ഇത്. 10 സെന്റ് പുരയിടത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 4000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തില്‍ അഞ്ചിലേറെ മുറികള്‍ ഉണ്ടെന്നാണ് വിവരം. വീടിന്റെ മുറ്റം ഇന്റര്‍ലോക്കാണ്. മുന്നില്‍ പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം പദ്മകുമാറിന്റെ കുടുംബത്തിന് നാട്ടുകാരുമായി വലിയ ബന്ധമില്ലായിരുന്നു എന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാരില്‍ പലരും ഈ വീട് അകത്തു കയറി കണ്ടിട്ടില്ല. ഏതുസമയവും ഗേറ്റ് അടഞ്ഞു കിടക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.പദ്മകുമാറിന്റെ അമ്മ ആര്‍ടി ഓഫീസ് ജീവനക്കാരിയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവര്‍ അന്തരിച്ചത്. ചാത്തന്നൂര്‍ ജംഗ്ഷനില്‍ നിന്നും ഏകദേശം 250 മീറ്റര്‍ മാത്രമാണ് വീട്ടിലേക്ക് ദൂരമുള്ളത്. അതേ സമയം പദ്മകുമാര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ വെള്ള നിറത്തിലുള്ള കാര്‍ ആദ്യമായിട്ടാണ് കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.പഠനത്തില്‍ മിടുമിടുക്കനായിരുന്നു പദ്മകുമാര്‍ എന്നാണ് വിവരം. ചാത്തന്നൂരിലെ ആദ്യകാല കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരില്‍ ഒരാളായിരുന്നു പദ്മകുമാര്‍. ടി കെ എം എന്‍ജിനീയറിങ് കോളേജില്‍ നിന്നാണ് ഇയാള്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത്. അന്ന് പദ്മകുമാറിന് കോളേജ് റാങ്ക് ഉണ്ടായിരുന്നു. നിരവധി ഉയര്‍ന്ന ജോലികള്‍ പദ്മകുമാറിനെ തേടി എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ അത്തരത്തിലുള്ള ജോലികളൊന്നും സ്വീകരിക്കാതെ ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് വിവരം.നിരവധി ബിസിനസ്സുകളാണ് പദ്മകുമാറും കുടുംബവും തുടങ്ങിവച്ചത്. ഫിഷ് സ്റ്റാള്‍, ബിരിയാണി കച്ചവടം, കൃഷി ഉള്‍പ്പെടെ നിരവധി വ്യവസായങ്ങള്‍ ഇയാള്‍ ആരംഭിച്ചു. കേബിള്‍ ടിവി അവതരിപ്പിക്കപ്പെട്ട കാലത്ത് ചാത്തന്നൂര്‍ കേന്ദ്രമാക്കി ഒരു കേബിള്‍ ടിവി ശൃംഖല ഇയാള്‍ ആരംഭിച്ചു. വലിയ വിജയമായിരുന്നു ആ സംരംഭം. നിരവധി യുവാക്കള്‍ക്ക് ഇതുമൂലം ജോലി ലഭിച്ചു. ഈ വ്യവസായം വലിയ രീതിയില്‍ മുന്നേറിയതോടെ ഇയാള്‍ അത് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ്, പാഴ്‌സല്‍ ബിരിയാണി, മത്സ്യസ്റ്റാള്‍, തമിഴ്‌നാട്ടില്‍ കൃഷി, ചാത്തന്നൂരില്‍ ബേക്കറി തുടങ്ങിയ വ്യത്യസ്ത വ്യവസായങ്ങള്‍ ഇയാള്‍ ആരംഭിച്ചു. ചാത്തന്നൂരിലെ ബേക്കറി കഴിഞ്ഞ ദിവസവും പതിവുപോലെ പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *