പഴശ്ശി ജലാശയത്തിൽ ഗണേശ വിഗ്രഹം കണ്ടെത്തി
ഇരിട്ടി: തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന് സമീപം ബലിതർപ്പണം നടക്കുന്ന പഴശ്ശി ജലാശയത്തിലാണ് ഗണേശ വിഗ്രഹം കണ്ടെത്തിയത് . ലോഹ നിർമ്മിതമായ വിഗ്രഹം മൂന്നടിയിലേറെ പൊക്കമുണ്ട്. ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ യുടെ നേതൃത്വത്തിൽ എത്തിയ പോലീസ് വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റി.ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ കമ്മിറ്റി അംഗങ്ങളാണ് വെള്ളത്തിൽ വിഗ്രഹം കണ്ടെത്തുന്നത്. മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്ന വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തു കാണാനായത്. സംശയം തോന്നി ചില കമ്മിറ്റി അംഗങ്ങൾ അടുത്തു ചെന്ന് നോക്കിയപ്പോഴാണ് ലോഹ നിർമ്മിതമാണ് വിഗ്രഹം എന്ന് മനസ്സിലാകുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. ഏറെ ഭാരമുള്ള വിഗ്രഹം അഞ്ചോളം പേർ ചേർന്നാണ് വെള്ളത്തിൽ നിന്നും കരയിലെത്തിച്ചത്. പഞ്ചലോഹ നിർമ്മിതമാണോ അല്ലെങ്കിൽ മറ്റുവല്ല ലോഹവുമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത് എവിടെനിന്ന് എങ്ങിനെ ഇവിടെ എത്തി എന്ന അന്വേഷണവും നടന്നു വരികയാണ്. വിവരമറിഞ്ഞു മേഖലയിൽ നിന്നും നിരവധിപേരും വിഗ്രഹം കാണാൻ സ്ഥലത്ത് തടിച്ചുകൂടി.