അട്ടപ്പാടി മധു വധക്കേസ്;സിവിൽ സ്റ്റേഷന് മുന്നിൽ ഇന്ന് മധുവിന്റെ അമ്മ ഏകദിന സൂചന സത്യാഗ്രഹം നടത്തും
അട്ടപ്പാടി മധു വധക്കേസ്;സിവിൽ സ്റ്റേഷന് മുന്നിൽ ഇന്ന് മധുവിന്റെ അമ്മ ഏകദിന സൂചന സത്യാഗ്രഹം നടത്തും.കുടുംബമോസമരസമിതിയോ അറിയാത്ത ഡോ. കെ.പി.സതീശനെ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കുക വഴി കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഇന്ന് രാവിലെ 10ന് പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ഏകദിന സൂചന സത്യാഗ്രഹം നടത്തും.മുഖ്യമന്ത്രി അടക്കം എല്ലാവരേയും കണ്ട് അഡ്വ. ജീവേഷിനേയും, അഡ്വ. രാജേഷ്.എം.മേനോനേയും, അഡ്വ. സി.കെ.രാധാകൃഷ്ണനേയും ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്ന് മധുവിന്റെ കുടുംബവും സമരസമിതിയും പലവട്ടം ആവശ്യപ്പെട്ടതാണ്. കേസില്‍ സര്‍ക്കാര്‍ മധുവിന്റെ കുടുംബത്തിനൊപ്പമുണ്ട് എന്ന് പലവട്ടം പറഞ്ഞിട്ടുള്ളതുമാണ്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുമ്ബോഴാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഡോ.കെ.പി.സതീശനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കുന്നത്.പ്രമാദമായ രണ്ട് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിക്കുകയും ക്രമക്കേടുകള്‍ മൂലം ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും ചെയ്തയാളാണ് ഇദ്ദേഹം. കീഴ്‌കോടതിയില്‍ കേസ് നടക്കുമ്ബോള്‍ മൂന്നു പ്രാവശ്യം സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടര്‍മാര്‍ വിട്ടുപോയത് മൂലം കേസിന്റെ വിചാരണ ഏറെ നീണ്ടു പോകുകയും പ്രതികള്‍ ഇടപെട്ടു പല സാക്ഷികളെയു കൂറുമാറ്റുകയും ചെയ്ത അനുഭവം മുന്നിലുണ്ട്. പിന്നീട് അമ്മ ആവശ്യപ്പെട്ട അഡ്വ രാജേഷ് എം.മേനോൻ കേസ് ഏറ്റെടുത്തതിനു ശേഷമാണ് ഒരു പരിധിവരെ നീതി നടപ്പിലാക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ അമ്മയ്ക്കും കുടുംബത്തിനും സമരസമിതിക്കും വിശ്വാസമുള്ള അഭിഭാഷകരെ നിയമിക്കണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നുള്ളതിനാലാണ് ‘അമ്മ സമരത്തിനിറങ്ങുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.