വൻ പ്രഖ്യാപനങ്ങളുമായി നെയ്യാറ്റിൻകര നഗരസഭയുടെ 2024 – 25 ലെ ബഡ്ജറ്റ്
നെയ്യാറ്റിൻകര: സർവ്വജനവിഭാഗത്തെയും ചേർത്ത് പിടിക്കുന്ന 2024-25 ലെ ബഡ്‌ജറ്റ് യുവത-പ്രായമാവർ തുടങ്ങി സമസ്‌തമേഖലയിലെ പ്രശ്‌നങ്ങളെ കാണാനും പരിഹാരം നിർദ്ദേശിക്കുന്നതോടൊപ്പം വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുവാനാണ് ഈ ബഡ്‌ജറ്റിലൂടെ ശ്രമിക്കുന്നത്.
2000 -ൽ പെരുമ്പഴുതൂർ പഞ്ചായത്ത് നഗരസഭയോട് കൂട്ടിച്ചേർത്തുവെങ്കിലും 24 വർഷമായി പെരുമ്പഴുതൂർ കവല വികസന സ്വപ്നം മാത്രമായിരുന്നു.
ഈ വർഷം അത് യാഥാർത്ഥ്യമാകാൻ പോവുകയാണ്.ജെ സി ഡാനിയേൽ ഓപ്പൺ എയർ ആഡിറ്റോറിയം ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും.
നെയ്യാറ്റിൻകരയുടെ കലാ-സാംസ്‌കാരിക ചരിത്രം എല്ലാ അർത്ഥത്തിലും അടയാളപ്പെടുത്തേണ്ടതായിട്ടുണ്ട്.
അതിന്റെ ഭാഗമായി ഒരു സാംസ്കാരിക ഗ്രാമം നഗരമദ്ധ്യത്തിൽ രൂപപ്പെടുത്തും.
നൈറ്റ് സ്ട്രീറ്റിന് തുടക്കം കുറിക്കും. നഗരവത്കരണത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര മാറുകയാണ്, അതുകൊണ്ട് പല ഭാഗങ്ങളിലായി ചെറിയ പൊതുയിടങ്ങൾ ക്രമീകരിക്കും.
ചെറുകിട വ്യവസായങ്ങളായ ചപ്പൽ നിർമ്മാണം, എൽ ഇ ഡി, തുണി സഞ്ചി തുടങ്ങിയവ അടക്കമുള്ളവയ്ക്ക് പ്രാമുഖ്യം നൽകുന്ന ബഡ്ജ്റ്റാണ്.
വിഴിഞ്ഞം ഹാർബറിന്റെ വരവോടു കൂടി ടൂറിസം രംഗത്ത് പുതിയ മാർഗ്ഗം കണ്ടെത്തുന്നു. അതിന്റെ ഭാഗമായി ‘നെയ്യാർ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കും’. ‘
ടർഫ്’ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. കായിക വിനോദങ്ങൾക്കായി ടർഫിന്റെ പ്രവർത്തനം ആരംഭിക്കും.
യുവജന ക്ഷേമബോർഡുമായി സഹകരിച്ചുകൊണ്ട് എല്ലാ വാർഡുകളിലും വനിതാക്ലബ്ബ് രൂപീകരിക്കും.
വയോജനങ്ങൾക്ക് ഹാപ്പിനസ് പാർക്ക് ഈ വർഷം തുടങ്ങും, പ്രമേഹ രോഗികൾക്ക് വേണ്ടി ഒരു ഡയാലിസിസ് യൂണിറ്റ് പ്രൈമറി ഹെൽത്ത് സെൻ്റർ ഓലത്താന്നിയിൽ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
പുഷ്‌പ കൃഷിയിടങ്ങൾ ഈ വർഷം ആരംഭിക്കും.
ക്രമറ്റോറിയവും ഈ വർഷം തന്നെ നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് ചില തടസ്സങ്ങൾ നിലനിൽക്കുന്നു. അത് പരിഹരിച്ച് മുന്നോട്ടു പോകും.
കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷം പദ്ധതികൾ നടപ്പാക്കി. നഗരസഭയുടെ സ്വന്തം ഭൂമിയിൽ വീടും വസ്തുവും ഇല്ലാത്തവർക്ക് വീട് വച്ച് നൽകുന്ന പദ്ധതി മുഖ്യപ്രാധാന്യത്തോടെ ഈ വർഷം തന്നെ നടപ്പിലാക്കും.
2023-24 വർഷത്തെ നീക്കിയിരിപ്പ് തുകയായ 5,82,03,240/- (അഞ്ച് കോടി എൺപത്തിരണ്ട് ലക്ഷത്തി മൂവായിരത്തി ഇരുന്നൂറ്റി നാൽപ്പത്) രൂപ ഉൾപ്പെടെ 113,42,18,840/- (നൂറ്റി പതിമൂന്ന് കോടി നാൽപ്പത്തി രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി എണ്ണൂറ്റി നാൽപ്പത്) രൂപ വരവും 106,33,55,778/- (നൂറ്റി ആറ് കോടി മുപ്പത്തി മൂന്ന് ലക്ഷത്തി അൻപത്തി അയ്യായിരത്തി എഴുന്നൂറ്റി എഴുപത്തി എട്ട്) രൂപ ചെലവും 7,08,63,062/- (ഏഴ് കോടി എട്ട് ലക്ഷത്തി അറുപത്തി മൂവായിരത്തി അറുപത്തി രണ്ട്) രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2024-25 വർഷത്തെ ബഡ്‌ജ്‌റ്റ് നിർദ്ദേശങ്ങളാണ് അവതരിപ്പിച്ചത്.വൈസ് ചെയർപേഴ്‌സൺ പ്രിയ സുരേഷ്, നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ, സെക്രട്ടറി സാനന്ദസിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു.