ഏഷ്യാ കപ്പിൽ കിരീടം നേടിക്കൊണ്ട് ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം
ഏഷ്യാ കപ്പിൽ (Asia Cup 2023) കിരീടം നേടിക്കൊണ്ട് ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം (Indian Cricket Team). കഴിഞ്ഞ ദിവസം കൊളംബോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഗംഭീര ജയമായിരുന്നു ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത്. ലോകകപ്പിന് തൊട്ടുമുൻപായി നടന്ന ടൂർണമെന്റിൽ ഇതുപോലെ ആധികാരിക പ്രകടനം കാഴ്ചവെക്കാനായത് ഇന്ത്യൻ ആരാധകർക്ക് സമ്മാനിക്കുന്ന ആവേശം ചെറുതല്ല.ടീമിലെ പ്രധാന താരങ്ങളെല്ലാം ഫോമിലെത്തിയത് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. അതിനിടെ ഇപ്പോളിതാ ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വജ്രായുധമാകാൻ പോകുന്ന കളിക്കാരൻ ആരായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ പാകിസ്താൻ നായകൻ വസീം അക്രം. രോഹിത് ശർമയോ, വിരാട് കോഹ്ലിയോ, ജസ്പ്രിത് ബുംറയോ, ശുഭ്മാൻ ഗില്ലോ അല്ല വസീം അക്രം ചൂണ്ടിക്കാട്ടുന്ന ഈ കളിക്കാരൻ.ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ ഹാർദിക് പാണ്ഡ്യ ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധമാകുമെന്നാണ് വസീം അക്രം പറയുന്നത്. ഇന്ത്യ ലോകകപ്പിലെ ഫേവറിറ്റുകളായിരിക്കുമെന്നും സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ അക്രം ചൂണ്ടിക്കാട്ടി.അവനായിരിക്കും (ഹാർദിക് പാണ്ഡ്യ) ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധം. ഇന്ത്യ കിരീടം നേടാൻ ഫേവറിറ്റുകളുമായിരിക്കും. ബോളിങ്ങിൽ എന്തുചെയ്യാൻ കഴിയുമെന്ന് ഇന്ത്യ ഇതിനോടകം കാണിച്ചുതന്നു. ഏഷ്യാ കപ്പിൽ വലിയ ടീമുകൾക്കെതിരെ കുൽദീപ് വിക്കറ്റുകൾ നേടി. അതിനാൽ ഇതൊരു സമ്പൂർണ സ്ക്വാഡാണ്.” വസീം അക്രം പറഞ്ഞു.പരിമിത ഓവർ മത്സരങ്ങളിൽ ടീം ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ഇപ്പോൾ ഹാർദിക് പാണ്ഡ്യ. ലോകകപ്പ് ടീമിന്റെ ഉപനായകനായ അദ്ദേഹം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒറ്റയ്ക്ക് കളിമാറ്റാൻ മികവുള്ള താരമാണ്. ഇത്തവണത്തെ ഏഷ്യാ കപ്പിൽ മോശമല്ലാത്ത പ്രകടനമായിരുന്നു ഈ ഓൾ റൗണ്ടറുടേത്. ഇന്ത്യ കിരീടം ചൂടിയ ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 92 റൺസും, ആറ് വിക്കറ്റുകളുമായിരുന്നു അദ്ദേഹം നേടിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷകളിൽ ഹാർദികിന്റെ ഫോമും നിർണായകമാകുമെന്ന് ഉറപ്പ്.