തമിഴ്നാട്ടിൽ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ
ചെന്നൈ: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ. പാര്‍ട്ടി നേതാവ് ഡി ജയകുമാറാണ് സഖ്യം ഉപേക്ഷിച്ച കാര്യം പ്രഖ്യാപിച്ചത്. എഐഎഡിഎം സ്ഥാപകനായ എംജിആറിന്റെ ആചാര്യനായ സി എന്‍ അണ്ണാദുരൈക്കുറിച്ച് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് നടപടി.തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും ഡി ജയകുമാര്‍ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ അണ്ണാമലൈക്ക് യോഗ്യതയില്ലെന്നും സ്വയം പുകഴ്ത്താനായി മരിച്ചുപോയ നേതാക്കളെക്കുറിച്ച് അയാള്‍ മോശം പറയുകയാണെന്നും ജയകുമാര്‍ ചൂണ്ടിക്കാട്ടി.ജൂണില്‍ എഐഡിഎംകെ നേതാവ് ജയലളിതയെക്കുറിച്ച് അണ്ണാമലൈ നടത്തിയ പരാമര്‍ശം സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. അണ്ണാമലൈയെ നിയന്ത്രിക്കണമെന്ന് അന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയെങ്കിലും എഐഎഡിഎംകെയ്ക്ക് കനത്ത പരാജയമേറ്റിരുന്നു. ഇതോടെ ബിജെപി ബന്ധം ബാധ്യതയാണെന്ന വിലയിരുത്തലിലേക്ക് എഐഎഡിഎംകെ എത്തുകയുണ്ടായി. അസ്വാരസ്യങ്ങള്‍ക്കിടയില്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ജയലളിത അടക്കമുള്ള നേതാക്കളെ ഇകഴ്ത്തി സംസാരിക്കുന്നതാണ് സഖ്യം ഉപേക്ഷിക്കുകയെന്ന തീരുമാനത്തിലേക്ക് എഐഎഡിഎംകെ എത്തിയത്.