മൂന്നാമതും വിജയകിരീടം മുത്തമിട്ട് കണിയാമ്പറ്റ സ്‌കൂൾ
എട്ടാമത് കളിക്കളം മേളയ്ക്ക് തിരശ്ശീല വീഴുമ്പോൾ കാണിയാമ്പറ്റ സ്കൂൾ 15 സ്വർണ്ണവും,11 വെള്ളിയും , 3 വെങ്കലവുമായി 129 പോയിന്റോടെ തുടർച്ചയായി മൂന്നാമതും ഒന്നാം സ്ഥാനത്തെത്തി. വിദ്യാർത്ഥികളുടെയും കോച്ചിന്റെയും കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് തുടർച്ചയായി മൂന്നാമതും കീരീടം സ്വന്തമാക്കാൻ കാണിയാമ്പറ്റ സ്കൂളിന് കഴിഞ്ഞത്. ഇത്തവണ സ്കൂളിലെ 52 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രധാന കായികാധ്യാപകനായ സത്യനാണ് കുട്ടികളുടെ നെടുംതൂൺ. ഓരോ കുട്ടിയും അവരുടെ കഴിവിന്റെ നൂറ് ശതമാനവും വിജയത്തിന് സംഭാവന ചെയ്‌തെന്നും പരിശ്രമവും ആത്മവിശ്വാസവും ഏകോപനവും ചേർന്നതാണ് ഈ ഹാട്രിക് വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.എന്നും രാവിലെ ആറുമണി മുതൽ സ്കൂളിൽ പരിശീലനം തുടങ്ങും. ക്ലാസ് കഴിഞ്ഞശേഷം വീണ്ടും പരിശീലനം. ഓരോ ദിവസവും മണിക്കൂറുകൾ നീണ്ട പരിശീലനമാണ് വിദ്യാർത്ഥികളെ വിജയത്തിലേക്കെത്തിച്ചത്. 1500 മീറ്റർ ജൂനിയർ വിഭാഗത്തിൽ സ്വർണ്ണം നേടിയ കൃഷ്ണേന്തു.കെ.വി, ഷോട്ട് പുട്ട് ജൂനിയർ വിഭാഗത്തിൽ അവന്തിക, ഹൈ ജമ്പ് സീനിയർ വിഭാഗത്തിൽ അഞ്ചിത, ജൂനിയർ വിഭാഗത്തിൽ അമന്യ മണി, 100 മീറ്റർ സീനിയർ വിഭാഗത്തിൽ ഷൈനി, ആർച്ചറി 40 മീറ്റർ സീനിയർ വിഭാഗത്തിൽ അഭിരാമി, 30 മീറ്റർ സീനിയർ വിഭാഗത്തിൽ ദേവിക, 400 മീറ്റർ സീനിയർ വിഭാഗത്തിൽ അഭിരാമി, 400 മീറ്റർ സബ് ജൂനിയർ വിഭാഗത്തിൽ അഭനയ,ലോങ് ജമ്പ് കിഡിസ്സിൽ ശ്രുതിലജ, 4× 100 മീറ്റർ റിലേ സീനിയർ,ജൂനിയർ പെൺ കുട്ടികളുടെ വിഭാഗം, സീനിയർ 200 മീറ്റർ വിഭാഗത്തിൽ ഷൈനി,ഡിസ്കസ്സ് ത്രോ ജൂനിയർ വിഭാഗത്തിൽ മേഘ എന്നിവരാണ് കണിയാമ്പറ്റ സ്കൂളിൽ നിന്നും സ്വർണം നേടിയത്.