നെയ്യാറ്റിൻകരയിലെ കുഞ്ഞ് അദ്വൈതയ്ക്ക് സഹായവുമായി എം.എ. യൂസഫ് അലി
നെയ്യാറ്റിൻകര : അപൂർവരോഗബാധിതയായ നെയ്യാറ്റിൻകര സ്വദേശിനി ഒരു വയസുകാരി അദ്വൈതയ്ക്ക് ചികിത്സാ സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി. കുഞ്ഞിന്റെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ നൽകുമെന്ന് യൂസഫ് അലി അറിയിച്ചു.കരയുമ്പോൾ കണ്ണുകൾ പുറത്തേക്ക് വരുന്നതിനാൽ ബാൻഡേജ് ഉപയോഗിച്ച് കണ്ണുകളെ താങ്ങിനിർത്തേണ്ടി വരുന്ന അപൂർവരോഗത്തെ കുറിച്ച് അറിഞ്ഞ യൂസഫ് അലി അദ്വൈതയെ സഹായിക്കാൻ തയ്യാറായത്. ബാൻഡേജിന്റെ നേർത്ത വിടവിലൂടെ മാത്രമാണ് അദ്വൈതയ്ക്ക് ലോകം കാണാൻ കഴിയുന്നത്. ഉറങ്ങുമ്പോഴാണ് മാത്രമെ ബാൻഡേജ് മാറ്റാവൂ.നെയ്യാറ്റിൻകര വെൺപകൽ സ്വദേശികളായ സായി കൃഷ്ണന്റെയും സജിനിയുടെയും മകളായ അദ്വൈതയുടെ ഇരട്ട സഹോദരി അർത്ഥിത സമാന രോഗബാധയെ തുടർന്ന് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഗർഭകാലത്തും ജനനസമയത്തും കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പത്താം മാസം പിന്നിട്ടപ്പോൾ മാത്രമാണ് കണ്ണിലെ വൈകല്യം തിരിച്ചറിഞ്ഞത്.അദ്വൈതയെ കൊച്ചി അമൃത ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുപോയപ്പോൾ മൂന്നു ശസ്ത്രക്രിയകൾ നടത്തിയാൽ രോഗം ഭേദമാക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. ഏകദേശം 20 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.കുഞ്ഞിന്റെ ചികിത്സയ്‌ക്ക് സഹായമായി നിരവധി ആളുകൾ മുന്നോട്ടു വന്നതായും, സമൂഹത്തിന്റെ ഈ പ്രതികരണത്തിൽ തങ്ങൾക്ക് വലിയ ആശ്വാസമുണ്ടെന്നും അദ്വൈതയുടെ പിതാവ് സായി കൃഷ്ണ പറഞ്ഞു.