പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ആദ്യ ട്രെന്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് മുന്നേറ്റം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ആദ്യ ട്രെന്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളില്‍ 10 ല്‍ ഏഴും ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വോട്ടുകളൊന്നും ലഭിച്ചില്ല. പോസ്റ്റല്‍ വോട്ടിന് ശേഷം അസന്നിഹിത വോട്ടുകളാണ് എണ്ണിയത്.പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് അസന്നിഹിത വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇത്. 2491 വോട്ടുകളാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ മേല്‍ക്കൈ നേടിക്കൊടുത്തതും ഈ വോട്ടുകളാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ വലിയ എണ്ണം വോട്ടാണ് ചാണ്ടി ഉമ്മന് അസന്നിഹിത വോട്ടില്‍ ലഭിച്ചത്.847 വോട്ടാണ് അസന്നിഹിത വോട്ടില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചിരുന്ന ഭൂരിപക്ഷം. എന്നാല്‍ ഇത് ആദ്യ റൗണ്ടില്‍ തന്നെ ചാണ്ടി ഉമ്മന്‍ മറികടന്നു. ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം അസന്നിഹിത വോട്ടില്‍ ചാണ്ടി ഉമ്മന് ലഭിച്ചിട്ടുണ്ട്. അയര്‍കുന്നം പഞ്ചായത്തില്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ചാണ്ടി ഉമ്മന് വ്യക്തമായ മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്.