കേരള സംസ്ഥാന ഗവൺന്മെന്റിന്റെ അനാസ്ഥ; കശുവണ്ടി വ്യവസായികളും തൊഴിലാളികളും സംഘടനകളും അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക്
തിരുവനതപുരം: കേരള സംസ്ഥാന ഗവൺമെന്റ് പുറപ്പെടുവിച്ച ഗവൺമെന്റ് ഓർഡറിന് വില നൽകാതെ നാളിതുവരെ കശുവണ്ടി വ്യവസായത്തെയും വ്യവസായികളെയും തൊഴിലാളികളെയും കബളിപ്പിച്ച ബാങ്കുകളുടെ നിഷേധാത്മക നിലപാടിനെതിരെ കശുവണ്ടി വ്യവസായികളും തൊഴിലാളികളും ഫെഡറേഷൻ ഓഫ് ക്യാഷ്യു പ്രോസസ്സർസ് ആൻഡ് എക്സ്പോർട്ടേഴ്സ്, ക്യാഷ്യു പ്രൊട്ടക്ഷൻ കൗൺസിൽ എന്നീ സംഘടനകൾ സംയുക്തമായി 28 ഒക്ടോബർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം തിരുവനന്തപുരം എസ്എൽബിസിയുടെ മുൻപിൽ ആരംഭിക്കുന്നു.സത്യാഗ്രഹത്തിനു മുന്നോടിയായി രാവിലെ 10 മണിക്ക് വമ്പിച്ച പ്രതിഷേധ റാലി തിരുവനന്തപുരം ആർബിഐയുടെ മുന്നിൽ നിന്നും സെപെൻസർ ജംഗ്ഷനിലുള്ള എസ്എൽബിസിയുടെ മുന്നിലെത്തിച്ചേരും.
പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായികളുടെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട അക്കൗണ്ടുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പലവട്ടം കൂടിയ കമ്മറ്റിയിൽ നിന്നും കേരള സർക്കാർ പുറപ്പെടുവിച്ച ഗവൺമെന്റ് ഓർഡർ ബാങ്കുകൾ അംഗീകരിക്കാതെ ഈ വ്യവസായത്തിന്റെ സമ്പന്ന കാലത്ത് അതിന്റെ നേട്ടം കൊയ്ത് ആപത്തു കാലത്ത് കൈപിടിച്ചുയർത്താതെ ചവിട്ടിത്താഴ്ത്തുന്ന ബാങ്കുകളുടെഅനീതിക്കെതിരെയാണ് ഈ സമരം.
എസ് എൽ ബി സി മുന്നിട്ടുനിന്ന് മറ്റു ബാങ്കുകളെ കൂടി കൊണ്ട് ജപ്തി നടപടികളും ഇ ഓക്ഷനും ഉൾപ്പെടെയുള്ള കിരാത നടപടികൾ അവസാനിപ്പിച്ചു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഗവൺമെന്റ് ഓർഡർ പ്രകാരം നടപ്പാക്കാൻ മുൻകൈയെടുക്കണം, നാളിതുവരെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട എല്ലാ വ്യവസായികളെയും ഈ ഗവൺമെന്റ് ഓർഡറിൽ ഉൾപ്പെടുത്തുക, പിഴപ്പലിശയുടെ പേരിൽ വ്യവസായികളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അട്ടിമറിക്കുന്നത് നിർത്തുക, പലിശരഹിത ഒരു വർഷ തിരിച്ചടവ് കാലാവധി നൽകുക.. എന്നിവയാണ് സമരത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ…
മുൻ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, ശ്രീ എം നൗഷാദ് എംഎൽഎ, ശ്രീ വി ജോയ് എംഎൽഎ, കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ തുടങ്ങിയവർ സത്യാഗ്രഹത്തെ അതിസംബോധന ചെയ്തു സംസാരിക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ നാണിയ വരുമാനം നേടിക്കൊടുത്ത കശുവണ്ടി വ്യവസായത്തെ ഓരോ കേരളീയനും സ്വാദ് കൊണ്ടങ്കിലും മനസ്സിലാക്കിയിട്ടുള്ളതാണ്. കേരളത്തിന്റെ സംസ്കാരത്തിന്റെ മുഖമുദ്രയായ, സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഈ വ്യവസായത്തെ തിരികെ കൊണ്ടുവരുവാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്.