കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Spread the love

അഹമ്മദാബാദ്: കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം നടന്നത്. ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇന്‍ഡസ്ട്രീസിലെ ടാങ്കില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. ബ്രോമിന്‍ വാതകമാണ് ശ്വസിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടെന്ന് പരാതിപ്പെട്ടതായി ബറൂച്ച് റസിഡന്റ് അഡീഷണല്‍ കളക്ടര്‍ എന്‍ ആര്‍ ദണ്ഡാല്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഫാക്ടറിയില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു.ടാങ്കിന് സമീപമുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം നിലവില്‍ ചോര്‍ച്ച നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *