കൊവിഡ് കാലത്തെ അഴിമതി: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ വലിയ ക്രമക്കേട് സിഎജി കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊവിഡിൽ ജനം ദുരിതം അനുഭവിക്കുന്ന സമയത്ത് സർക്കാർ നടത്തിയ മുനുഷ്യത്വമില്ലാത്ത അഴിമതിക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ബന്ധപ്പെട്ടവർക്കുമെതിരെ ഉടൻ കേസെടുക്കാൻ പൊലീസ് തയ്യാറാവണം. കൊവിഡ് സമയത്ത് എല്ലാ ദിവസവും വൈകീട്ട് ആറുമണിക്ക് ടിവിയിൽ വന്ന് ആടിനെയും പൂച്ചയേയും വരെ പറ്റി കരുതൽ കാണിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഇത്രയും വലിയ അഴിമതി നടക്കുമെന്ന് ആരും വിശ്വസിക്കില്ല. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണം. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്യാൻ കമ്പനികൾ തയ്യാറായിരുന്നപ്പോഴും മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചതിൽ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ലോകം മഹാമാരിയിൽ വിറങ്ങലിച്ച് നിന്നപ്പോൾ പോലും ഇത്തരം അഴിമതി നടത്താൻ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.മുൻപരിചയമില്ലാത്ത അഗ്രത ഏവിയോൺ എന്ന കമ്പനിക്ക് ഒരു കോടി ഗ്ലൗസിന്റെ ഓർഡർ നൽകിയതും ക്രമക്കേടാണ്. 41 ലക്ഷം ഗ്ലൗസ് മാത്രമാണ് കമ്പനി എത്തിച്ച് നൽകിയത് എന്നിരിക്കെ ബാക്കി പണം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.നൽകിയ കരാർ റദ്ദാക്കിയും കെഎംഎസ്‌സിഎൽ തട്ടിപ്പ് നടത്തിയെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. വില കുറച്ച് നൽകാമെന്ന് പറഞ്ഞ കമ്പനിയുമായുണ്ടാക്കിയ കരാറാണ് സർക്കാർ റദ്ദാക്കിയത്. ഉയർന്ന വിലയ്ക്കു മറ്റു കമ്പനികൾക്ക് ഓർഡർ നൽകാൻ വേണ്ടിയായിരുന്നു ഇതെന്നു വ്യക്തം. സർക്കാർ നിശ്ചയിച്ച വിലയ്ക്കു തന്നെ വിപണിയിൽ കിറ്റ് ലഭ്യമായിരിക്കെയാണ് ഉയർന്ന വിലയ്ക്കു മുൻപരിചയമില്ലാത്ത കമ്പനികൾക്ക് ഓർഡർ നൽകിയത്. അടിയന്തര സാഹചര്യത്തിൽ 50% തുക മുൻകൂർ നൽകി അവശ്യ സാധനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും റൊക്കം പണം നൽകി സാമഗ്രികൾ വാങ്ങിച്ചത് ചട്ടവിരുദ്ധമാണ്. ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തിയ അഴിമതിയാണ് ഇതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.