ദക്ഷിണ കൊറിയയിൽ മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബയുടെ കേസ് റിപ്പോർട്ട് ചെയ്യുന്നു: ആദ്യ മരണവും സ്ഥിരീകരിച്ചു
ബുസാൻ: ചൈനയിൽ ഉയർന്നുവരുന്ന ഒരു പുതിയ കോവിഡ് -19 ഭീതിയ്ക്കിടയിൽ, ദക്ഷിണ കൊറിയയിൽ മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബയുടെ കേസ് റിപ്പോർട്ട് ചെയ്യുന്നു. 50 വയസ്സുള്ള ഒരാളാണ് അണുബാധയേറ്റ് മരണപ്പെട്ടത്. സൗത്ത് കൊറിയയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ നെയ്ഗ്ലേരിയ ഫൗലേരി അണുബാധ കേസ് ആണിത്. കൊറിയ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, നാല് മാസത്തോളം ഇയാൾ തായ്‌ലൻഡിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ഡിസംബർ 10 ന് ആണ് കൊറിയയിലേക്ക് മടങ്ങിയെത്തിയത്. ഇയാളുടെ മരണം കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ) സ്ഥിരീകരിച്ചു.രാജ്യത്ത് ആദ്യമായാണ് മസ്തിഷ്‌കത്തെ നശിപ്പിക്കുന്ന അമീബ അണുബാധ റിപ്പോർട്ട് ചെയ്തത്. 1937-ൽ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മനുഷ്യന്റെ മരണകാരണം സ്ഥിരീകരിക്കാനായി നെഗ്ലേരിയ ഫോവ്ലേറിക്ക് കാരണമാകുന്ന മൂന്ന് തരം രോഗാണുക്കളെക്കുറിച്ച് ജനിതക പരിശോധനകൾ നടത്തി. ശുദ്ധജല തടാകങ്ങൾ, നദികൾ, കനാലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു അമീബയാണ് നെഗ്ലേരിയ ഫോവ്ലേറി. ഇത്തരം അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുകയും അവ പിന്നീട് മസ്തിഷ്കത്തിലേക്ക് പ്രവേശിച്ചുമാണ് സാധാരണയായി ആളുകൾക്ക് അണുബാധ ഉണ്ടാവുന്നത്. തുടർന്ന് ഇവ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും.പനി, തലവേദന, തൊണ്ടവേദന, കോച്ചിപിടിത്തം, ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടൽ, മതിഭ്രമം, ഛർദ്ദി, തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. അണുബാധ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. അണുബാധ തടയാനായി നീന്തൽ, കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ശുദ്ധജലം ഉപയോഗിക്കുകയും ചെയ്യാമെന്നാണ് കെഡിസിഎയുടെ തലവനായ ജീ യംഗ്-മീ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. 1962 നും 2021 നും ഇടയിൽ അമേരിക്കയിൽ നെയേഗ്ലേരിയ ഫോവ്ലേറി അമീബ മൂലം 154 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മാത്രമാണ് രക്ഷപ്പെട്ടത്.