രാജസ്ഥാനിൽ നിന്ന് കോടിക്കണക്കിന് വർഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തി

Spread the love

രാജസ്ഥാനിൽ നിന്ന് കോടിക്കണക്കിന് വർഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തി. സസ്യഭുക്കായ ഒരിനം ദിനോസറിന്റെ ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്. 16.7 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്. രാജസ്ഥാനിലെ ജയ്സാൽമറിന് സമീപമാണ് ഫോസിൽ കണ്ടെത്തിയത്. താർ മരുഭൂമിയും, ഇന്ത്യയും ചേർത്ത് താറോസോറസ് ഇൻഡിക്കസ് എന്നാണ് ഫോസിലിന് പേര് നൽകിയിരിക്കുന്നത്.റൂറൽ ഐഐടിയിലെയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെയും ശാസ്ത്ര സംഘമാണ് ദിനോസറിന്റെ ഫോസിലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവെച്ചത്. 2018-ലാണ് ഫോസിലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെങ്കിലും, ഏകദേശം 5 വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ദിനോസറിന്റെ സവിശേഷതകളും പഴക്കവും ശാസ്ത്ര സംഘം പുറത്തുവിട്ടത്. ദിനോസറുകളുടെ സുവർണ കാലമായിരുന്ന ജുറാസിക് യുഗത്തിന്റെ അവസാന കാലത്ത് ജീവിച്ചിരുന്ന ദിനോസറാണിത്. ദിനോസറുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജർമലായ സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതുവരെ അജ്ഞാതമായിരുന്ന സ്പീഷിസ് ഇനത്തിൽപ്പെട്ടതാണ് രാജസ്ഥാനിൽ നിന്നും കണ്ടെത്തിയ ദിനോസറിന്റെ ഫോസിൽ. നട്ടെല്ലിന്റെ കശേരുക്കൾ Y ആകൃതിയിൽ രണ്ടായി പിരിഞ്ഞിരിക്കുന്നതിനാൽ ഡൈക്രസോറസ് ജനുസിൽപ്പെട്ടതാണെന്നാണ് വിലയിരുത്തൽ. ഇതിനു മുൻപ് അമേരിക്ക, ആഫ്രിക്ക, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ഡൈക്രസോറസ് ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *