നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി : നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ എട്ട് പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ. 23 ദശലക്ഷത്തോളം വരിക്കാർ വരെയുള്ള യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കേന്ദ്രസർക്കാർ നടപടി എടുത്തിരിക്കുന്നത്. യഹാൻ സച്ച് ദേഖോ, ക്യാപിറ്റൽ ടിവി, കെപിഎസ് ന്യൂസ്, സർക്കാർ വ്ലോഗ്, ഈൺ ടെക് ഇന്ത്യ, എസ്പിഎൻ9 ന്യൂസ്, എജ്യുക്കേഷണൽ ദോസ്ത്, വേൾഡ് ബെസ്റ്റ് ന്യൂസ് എന്നിങ്ങനെയുള്ള യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് കേന്ദ്രസർക്കാർ നടപടി എടുത്തിട്ടുള്ളത്.ഇവർ നിരന്തരമായി വ്യാജവാർത്തകളും രാജ്യവിരുദ്ധ വാർത്തകളും സൈന്യത്തിനെതിരായ വാർത്തകളും നൽകിവരുന്നതായി ആരോപണമുയർന്നിരുന്നു. ഈ ചാനലുകൾക്കെതിരെ വന്ന ആരോപണങ്ങൾ വസ്തുതാപരമായി പരിശോധിച്ചതിനുശേഷം ആണ് നടപടി എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.1.7 ദശലക്ഷത്തിലധികം വരിക്കാരുള്ള യുട്യൂബ് ചാനലായ വേൾഡ് ബെസ്റ്റ് ന്യൂസ് ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിച്ചതിന്റെ പേരിലാണ് നടപടി നേരിട്ടത്. 3.43 ദശലക്ഷത്തിലധികം വരിക്കാരുള്ള എജ്യുക്കേഷണൽ ദോസ്ത് എന്ന യൂട്യൂബ് ചാനലിന് പൂട്ട് വീണത് കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ്. നടപടി നേരിട്ട മറ്റൊരു ചാനൽ 4.8 ദശലക്ഷത്തിലധികം വരിക്കാരുള്ള SPN 9 ന്യൂസ് ആണ്.