മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമായി തുടരുന്നതിനിടെ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാൻ സുപ്രീം കോടതി

Spread the love

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് സുപ്രീം കോടതി വിഷയം പരിഗണിക്കും. നേരത്തെ മണിപ്പൂര്‍ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. ഇതിനായി ഇരുവരും ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ മണിപ്പൂര്‍ ചീഫ് സെക്രട്ടറിയും ഡി ജി പിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ടിരുന്നു. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐ റ്റി എല്‍ എഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. മെയ് 29 നും ജൂണ്‍ 1 നും ഇടയില്‍ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ITLF നേതാക്കള്‍ ഷായെ കണ്ടിരുന്നു.അതിനിടെ അപ്രതീക്ഷിതമായി ബി ജെ പി സര്‍ക്കാരിനുള്ള പിന്തുണ കുക്കി പീപ്പിള്‍സ് അലയന്‍സ് ഇന്നലെ പിന്‍വലിച്ചിരുന്നു. എന്‍ ഡി എ സഖ്യത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. രണ്ട് എം എല്‍ എ മാരാണ് പാര്‍ട്ടിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ പിന്തുണ പിന്‍വലിക്കല്‍ നിലവില്‍ സര്‍ക്കാരിന് ഭീഷണിയല്ല.അതേസമയം മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളള്‍. ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മരണ സംഖ്യ ഉയരുമോയെന്ന ആശങ്കയുണ്ട്. അക്രമികള്‍ നിരവധി വീടുകള്‍ക്ക് തീയിട്ടിരുന്നു. ബിഷ്ണുപൂരില്‍ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. ഇംഫാല്‍ മുതല്‍ ബിഷ്ണുപൂര്‍ വരെയുള്ള മേഖലകളില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്.ക്വാക്ടയില്‍ മെയ്‌തേയി വിഭാഗത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്. തുടര്‍ന്ന് കുക്കി മേഖലകളിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇംഫാലില്‍ 22 വീടുകള്‍ക്ക് തീയിട്ടു. 18 പേര്‍ക്ക് ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ഇംഫാലില്‍ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലില്‍ കുകികളുടെ ആളൊഴിഞ്ഞ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമുണ്ടായി. ചുരചന്ദ്പ്പൂര്‍, ബീഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ ഇന്നലെയും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *