യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം;ജില്ലാ പ്രസിഡന്റടക്കം നിരവധി പേര്‍ക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണെമെ മെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ജില്ലാ പ്രസിഡന്റ് ആര്‍. സജിത് അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ് കുഴഞ്ഞുവീണ സജിത്തിനെ ആംബുലന്‍സ് എത്തിച്ച് ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. നിരവധി തവണ പ്രവര്‍ത്തകര്‍ക്കു നേര പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായി ജലീ പീരങ്കി പ്രയോഗിച്ചതിനെ ചോദ്യം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നിരവധി തവണ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകരെ പോലീസ് ഉന്തിതള്ളി റോഡിന് മറുവശം കൊണ്ടുപോയി. അതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏകദേശം ഒരു മണിക്കൂറോളം പ്രവര്‍ത്തകരുടെ പ്രതിഷേധം നീണ്ടു നിന്നു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.പി.സുധീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുവജന സമരങ്ങളെ അടിച്ചമര്‍ത്താമെന്നാണ് പിണറായി വിജയന്‍ മോഹിക്കുന്നതെങ്കില്‍ സമരം ക്‌ളിഫ് ഹൗസിന് മുന്നിലേക്ക് മാറ്റേണ്ടി വരുമെന്നും പിണറായി വിജയന് പുറത്തിറങ്ങാന്‍ പറ്റാത്തതരത്തിലുള്ള വലിയ പോരാട്ടങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷ എംഎല്‍എ ആയിട്ടുള്ള അന്‍വര്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച കാര്യങ്ങളില്‍ എന്ത് നടപടിയാണ് എടുത്തത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ അന്‍വറിനെതിരെ നടപടിയെടുക്കണം. ശരിയാണെങ്കില്‍ മുഖ്യമന്ത്രി രാജി വച്ച് പുറത്ത് പോകണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍ അജേഷ് അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഗണേഷ്, , അദീന, മനുപ്രസാദ്, പ്രണവ്, നിതിന്‍, അഭിജിത്ത്, പൂവച്ചല്‍ അജി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *