വലിയതുറയില്‍ ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റു

Spread the love

തിരുവനന്തപുരം: വലിയതുറയില്‍ ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ എസ്.ഐ.മാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്കാണ് കുത്തേറ്റത്. കൊച്ചുവേളി മാധവപുരം സ്വദേശി ജാംഗോ കുമാര്‍ എന്ന അനില്‍കുമാറാണ് (40) ആക്രമിച്ചത്. ഹോട്ടല്‍ ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണ് പ്രതി പോലീസുകാരേയും ആക്രമിച്ചത്.ഗുണ്ടാ ആക്രമണക്കേസില്‍ ജയിലിലായിരുന്ന അനില്‍കുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. ചൊവ്വാഴ്ച പകല്‍ വേളിക്കു സമീപം ഹോട്ടല്‍ നടത്തുന്ന നസീറിനെ (52) അനില്‍കുമാര്‍ ഇടതുകൈയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഹോട്ടലിനുസമീപം മുന്‍പ് അനില്‍കുമാര്‍ നടത്തിയ അക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വലിയതുറ പോലീസിനു നല്‍കിയെന്നാരോപിച്ചാണ് ഹോട്ടലില്‍ കയറി നസീറിനെ മര്‍ദിക്കുകയും കുത്തുകയും ചെയ്തത്.അക്രമവിവരമറിഞ്ഞ് എത്തിയ പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ച പോലീസിനുനേരേ ഇയാള്‍ കത്തിവീശി ആക്രമിക്കുകയായിരുന്നു. പോലീസ് സംഘം ഇയാളെ വളഞ്ഞ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ കത്തിയെടുത്ത് എസ്.ഐ.മാരായ അജേഷിന്റെ കൈത്തണ്ടയിലും ഇന്‍സമാമിന്റെ നെഞ്ചിലും കുത്തുകയായിരുന്നു. അജേഷിന്റെ കൈത്തണ്ടയ്ക്ക് കടിക്കുകയും ചെയ്തു. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.കുത്തേറ്റ നസീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *