വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയെന്ന് പരാതി
മലപ്പുറം: വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയെന്ന് പരാതി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന് ചുമയ്ക്കുള്ള മരുന്നിന് പകരം വേദനയ്ക്കുള്ള മരുന്ന് നല്‍കി. തുടര്‍ന്ന് അവശ നിലയിലായ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പരാതി.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സ് മരുന്ന് മാറിനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. എച്ച്.എം.സി. നിയമിച്ച താല്‍ക്കാലിക നഴ്‌സാണ് ചുമതലയിലുണ്ടായിരുന്നത്. നഴ്സിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ എത്തി.പരാതി കിട്ടിയാലുടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ച കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി എടുക്കുമെന്നും എച്ച്.എം.സി. ചെയര്‍മാന്‍ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഹസ്‌കര്‍ ആമയൂര്‍, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ വി. ശിവശങ്കരന്‍ എന്നിവര്‍ അറിയിച്ചു.