വിഴിഞ്ഞം തുറമുഖം: പൂർത്തിയായി 35,000 കണ്ടെയ്നർ ശേഷിയുള്ള യാർഡ്
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് പൂർത്തിയായത് ഒരേസമയം 35,000 കണ്ടെയ്നർ സൂക്ഷിക്കാനുള്ള യാർഡ്. 12ന് ഇറക്കുന്നത് 2,000 കണ്ടെയ്നറുകൾ മാത്രം. 38ഹെക്ടർ (ഏകദേശം 93 ഏക്കറോളം) യാർഡാണ് പൂർത്തിയാകുന്നത്. 20 ഓളം ഹെക്ടറിൽ യാർഡ് നിർമ്മാണം പൂർത്തിയായി. 12നെത്തുന്ന ആദ്യ കണ്ടെയ്നർ കപ്പലിനുശേഷം എല്ലാ ആഴ്ചയിലും ഒരു കൂറ്റൻ കണ്ടെയ്നർ കപ്പൽ ട്രയൽ റണ്ണിനായി വിഴിഞ്ഞത്ത് അടുക്കും.ഇതുകൂടാതെ ചരക്ക് നീക്കത്തിനായി ഫീഡർഷിപ്പുകളും നിരന്തരം വന്നുപോകും. കണ്ടെയ്നറുകൾ കപ്പലിൽ നിന്നിറക്കുന്നതിനായി നിലവിൽ 28 ഇന്റർട്രാൻസിസ്റ്റ് വെഹിക്കിളുകൾ (ഐ.ടി.വി) വിഴിഞ്ഞത്ത് സജ്ജമാണ്.കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ക്രെയിനുകളിൽ ഉറപ്പിക്കുന്നതിനായി ലാഷേഴ്സ്‌മാരുണ്ടാകും. ഇതിനായി യുവാക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഐ.ടി.വികൾ എത്തുമെന്നാണ് അധികൃതർ പറയുന്നത്. ഓരോ ക്രെയിനുകളുടെയും ഇരുവശത്തായി ഐ.ടി.വികൾക്ക് സഞ്ചരിക്കാൻ പ്രത്യേക ട്രാക്ക് സജ്ജമാക്കിയിട്ടുണ്ട്. കണ്ടെയ്നർ ഇറക്കുമ്പോൾ ഡ്രൈവറും ലാഷേഴ്സും മാത്രമേ ബർത്തിലും യാർഡിലും ഉണ്ടാകുകയുള്ളൂ. മറ്റ് നിയന്ത്രങ്ങളെല്ലാം സോഫ്ട്‌വെയർ നിയന്ത്രണത്തിലായിരിക്കും. സ്ക്രീൻ മുഖാന്തരം ക്രെയിനുകളുടെയും വാഹനങ്ങളുടെയും നീക്കങ്ങൾ അപ്പപ്പോൾ അറിയാൻ കഴിയും. ട്രെയിലറുകൾ ഓടിക്കുന്നവർക്കുള്ള പരിശീലനവും പൂർത്തിയായി. *സൗകര്യങ്ങൾ* ബർത്തിനോടടുത്ത് ഐ.ടി.വി വാഹനങ്ങൾക്കായി ഫ്യുവൽ സ്റ്റേഷൻ,വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പ്,ഐ.ടി.വി പാർക്കിംഗ് ഏരിയ,പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ്,രണ്ട് റിംഗ് മെയിൻ യൂണിറ്റ് (ആർ.എം.യു) എന്നിവ തയ്യാറായി.കണ്ടെയ്നർ യാർഡിലേക്ക് ആർ.എം.യു 1ൽ നിന്നും ബർത്തിലേക്ക് ആർ.എം.യു 2ൽ നിന്നുമാണ് വൈദ്യുതി എത്തിക്കുന്നത്. ആദ്യഘട്ടം 5 എസ്.ടി.എസ് ക്രെയിനുകൾ മാത്രമാകും പ്രവർത്തിപ്പിക്കേണ്ടി വരുന്നതെന്ന് അധികൃതർ പറഞ്ഞു.കണ്ടെയ്നർ സ്കാനിംഗ് മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.ഗേറ്റ് കോംപ്ലക്സിൽ 4 എൻട്രിയും 4 എക്സിറ്റുമാണ് ഉള്ളത് ഇത് പൂർണമായും ഓട്ടോമാറ്റിക് നിയന്ത്രണമാണെങ്കിലും സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കും. *മന്ത്രി ഇന്നെത്തും* ആദ്യ കപ്പലിനെ സ്വാഗതം ചെയ്യുന്നതിനായും തുറമുഖത്ത് നടക്കുന്ന ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വകുപ്പ് മന്ത്രി എൻ.വാസവൻ ഇന്ന് രാവിലെ 9.30ന് തുറമുഖം സന്ദർശിക്കും. തീരത്തോടു ചേർന്ന് കൂറ്റൻ പന്തൽ തയ്യാറാവുകയാണ്.