നിത്യ ശശി സീരിയലിൽ രംഗത്ത് എത്തിയിട്ട് ആറു മാസം : ബിനുവിനെ പരിചയപ്പെടുന്നത് ഫിഷ് സ്റ്റാളിൽ വച്ച്

Spread the love

കൊല്ലം: വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി കുടുംബ കഥ പറയുന്ന സീരിയലിലെ നടി. പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ ശശി ആറു മാസം മുമ്പാണ് സീരിയൽ രം​ഗത്തേക്ക് എത്തുന്നത്. ഇതിനിടയിലാണ് ഹണിട്രാപ്പിൽ ഇവരുടെ കൂട്ടാളിയായ പരവൂർ കലയ്ക്കോട് ശിവ നന്ദനത്തിൽ ബിനുവിനെ പരിചയപ്പെടുന്നത്. ഊന്നിൻമൂട്ടിൽ ഫിഷ് സ്റ്റാൾ നടത്തുന്ന ഇയാൾ സമീപ സ്ഥലത്ത് താമസിക്കുന്ന നിത്യയുടെ വീട്ടിൽ മത്സ്യവുമായി എത്തുമായിരുന്നു. ഈ പരിചയം പിന്നീട് സൗഹൃദമായി മാറുകയും ബിനുവിന്റെ ബന്ധുവായ വയോധികനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാനുള്ള പദ്ധതി പ്ലാൻ ചെയ്യുകയുമായിരുന്നു.കഴിഞ്ഞ ദിവസമാണ് സീരിയൽ നടി നിത്യയും സുഹൃത്ത് ബിനുവും പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികൾ സമാന രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു. നിത്യ നേരത്തേ സർക്കാർ സ്ഥാപനമായ കാപ്പെക്സിൽ ലീഗൽ അസിസ്റ്റന്റായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. വയോധികന്റെ കലയ്ക്കോട്ടുള്ള വീട് വിൽക്കാനുണ്ടെന്നറിഞ്ഞാണ് സീരിയൽ നടിയും നിയമ ബിരുദധാരിയുമായ നിത്യ ബന്ധം സ്ഥാപിച്ചത്. കഴിഞ്ഞ മേയ് അവസാന ആഴ്ചയാണ് തട്ടിപ്പിനു തുടക്കം കുറിക്കുന്നത്. വീട് കാണുന്നതിനായി നിത്യ കലയ്ക്കോട് എത്തി. തുടരെയുള്ള ഫോൺ സംഭാഷണത്തിലൂടെ സൗഹൃദം ഉറപ്പിച്ച ശേഷം നിത്യ വീണ്ടും വീട്ടിൽ എത്തി. അവിടെ വച്ചു വയോധികനെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഇതിനു പിന്നാലെ വയോധികന്റെ ബന്ധുവും നിത്യയുടെ സുഹൃത്തുമായ ബിനു വീട്ടിനുള്ളിൽ പ്രവേശിച്ചു നഗ്നചിത്രങ്ങൾ വിഡിയോയിൽ പകർത്തി.പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഭീഷണി രൂക്ഷമായതോടെ ആദ്യം 6 ലക്ഷം രൂപ നൽകി. ഭീഷണി തുടർന്നപ്പോൾ 5 ലക്ഷം രൂപ കൂടി കൈമാറി. എന്നാൽ 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ ഭീഷണി തുടർന്നതോടെ കഴിഞ്ഞ 18നു പരവൂർ പൊലീസിൽ പരാതി നൽകി.പൊലീസിന്റെ നിർദേശപ്രകാരം ബാക്കി പണം നൽകാമെന്നു പറഞ്ഞ് പട്ടത്തെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയ പ്രതികളെ പരവൂർ ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന കൊല്ലം പരവൂർ സ്വദേശിയായ എഴുപത്തിനാലുകാരന്റെ പരാതിയെ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. വയോധികന്റെ ഭാര്യ മരിച്ചുപോയതാണ്. മക്കളില്ല. തിരുവനന്തപുരം പട്ടത്താണ് താമസം. പരവൂർ കലയ്ക്കോട്ടുള്ള വീട് അടച്ചിട്ടിരിക്കുകയാണ്. വല്ലപ്പോഴുമാണ് ഇവിടെ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *