രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽപൊതുഇടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും, ഇവയെ നിരീക്ഷിക്കുന്നതിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നുമാണ് കോടതിയുടെ പ്രധാന നിർദ്ദേശം. കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ റോഡുകളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റികളും അടിയന്തിര നടപടി സ്വീകരിക്കണം.പൊതുയിടങ്ങളിൽ ഇനി തെരുവുനായ്ക്കൾ വേണ്ടസർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണം. ഇതിന്റെ ഭാഗമായി ദിവസേനയുള്ള പരിശോധന നടത്താനും കോടതി ഉത്തരവിട്ടു. മൃഗങ്ങളെ കണ്ടെത്താനായി പെട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.വന്ധ്യംകരണവും കർശന നിരീക്ഷണവുംപിടികൂടുന്ന തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കാൻ മുനിസിപ്പൽ കോർപ്പറേഷൻ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ ഉടൻ നടപടി സ്വീകരിക്കണം. കൂടാതെ, വന്ധ്യംകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തന്നെ നായ്ക്കളെ തുറന്നുവിടരുതെന്നും കോടതി കർശനമായി നിർദ്ദേശിച്ചു. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കം ചെയ്ത നടപടിയിൽ, എട്ട് ആഴ്ചയ്ക്കുള്ളിൽ പുരോഗതി അറിയിക്കാൻ ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

