അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാൻ തീരുമാനം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ജയിലായ അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാൻ തീരുമാനം. പൂജപ്പുരയിൽ നിന്നടക്കമുള്ള പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്ക് കൊണ്ടു വരാനാണ് നീക്കം. പൂജപ്പുരയിൽ വനിതാ തടവുകാർക്ക് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും.അതേസമയം, പുതിയ തീരുമാനത്തിൽ അട്ടക്കുളങ്ങരിയിലെ വനിതാ ജീവനക്കാർ എതിർപ്പറിയിച്ചു.2011വരെ പൂജപ്പുര സെൻട്രൽ ജയിലെ പ്രത്യേക ബ്ലോക്കിലായിരുന്നു വനിത തടവുകാരെ പാർപ്പിച്ചിരുന്നത്. വനിതാ തടവുകാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും, ബന്ധുക്കളെത്തുമ്പോള്‍ കാണാനുമെല്ലാം സൗകര്യമുണ്ടാകണമെന്ന നിവേദനത്തെ തുടർന്നാണ് അലക്സാണ്ടർ ജേക്കബ് ജയിൽ മേധാവിയായിരുന്നപ്പോള്‍ അട്ടക്കുളങ്ങരിയിലേക്ക് വനിതാ തടവുകാരെ മാറ്റിയത്.പിന്നീട്, നെയ്യാറ്റിൻകരയിലെ വനിതാ ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരെയും അട്ടക്കുളങ്ങരിയിലേക്ക് മാറ്റി. ജില്ലാ ജയിലായി പ്രവർത്തിച്ചിരുന്ന അട്ടക്കുളങ്ങരിയിലെ പുരുഷ തടവുകാരെ മറ്റ് ജയിലേക്ക് മാറ്റി. ഇപ്പോള്‍ 300 പേരെ പാർക്കിപ്പിക്കാൻ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാ ജയിലില്‍ 35 വനിതാ തടവുകാർ മാത്രമാണ് ഉള്ളത്. എന്നാൽ, 727 പേരെ പാർക്കിപ്പിക്കാൻ സൗകര്യമുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ 1400 തടവുകാരുണ്ട്.300 പേരെ പാർപ്പിക്കാൻ കഴിയുന്ന അട്ടക്കുളങ്ങര ജയിലേക്ക് പുരുഷ തടവുകാരെ മാറ്റുകയും അവിടെ നിന്നും വനിതകളെ പഴയതുപോലെ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുകയും ചെയ്യണമെന്ന് ദക്ഷിണ മേഖല ജയിൽ ഡിഐജി ശുപാർശ നൽകി. ജയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചർച്ച ചെയ്യുകയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ ധാരണയാവുകയും ചെയ്തു. പൂജപ്പുരയിലെ പഴയ വനിതാ ബ്ലോക്കിലിപ്പോള്‍ ചപ്പാത്തി യൂണിറ്റിൽ ജോലി ചെയ്യുന്ന 86 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരെ മാറ്റി വനിതാ ബ്ലോക്ക് തിരികെ നൽകും.ജയിൽ മാറ്റത്തിൽ വനിതാ ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു. എന്നാൽ വനിതാ തടവുകാർക്ക് പ്രത്യേക പ്രവേശന കവാടമായിരിക്കുമെന്നും ഭരണസംവിധാനവും പ്രത്യേകമായിരിക്കുമെന്നു ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *