കളക്ഷൻ ഏജന്റ് നാട്ടുകാരിൽ നിന്നും തട്ടിയെടുത്തത് 430 പവൻ സ്വർണവും 80 ലക്ഷം രൂപയും

Spread the love

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് നാട്ടുകാരിൽ നിന്നും തട്ടിയെടുത്തത് 430 പവൻ സ്വർണവും 80 ലക്ഷം രൂപയും. സിപിഎം തുരുത്തിയോട് ബ്രാഞ്ച് കമ്മിറ്റിയം​ഗം എൻ.കെ. മിനിയാണ് പരിചയക്കാരെയും അയൽവാസികളെയും നിന്നും ഇത്രവലിയ തട്ടിപ്പിന് ഇരയാക്കിയത്. സ്വർണം ലേലത്തിൽ പിടിക്കാനെന്നും ജോലി സ്ഥിരപ്പെടുത്താമെന്ന് വാ​ഗ്ദാനം നല്കിയും പണത്തിന് പലിശ നൽകാമെന്ന ഉറപ്പിലുമൊക്കെയാണ് ഇവർ പണം തട്ടിയത്. തട്ടിപ്പ് പുറത്തായതോടെ ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കി.60 പവൻ സ്വർണ്ണവും 15 ലക്ഷം രൂപയും നഷ്ടമായ തുരുത്തിയാട് പിലാത്തോട്ടത്തിൽ പ്രിയ, ഭർത്താവ് പി. നിഷികുമാർ എന്നിവരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കൊക്കല്ലൂർ പറമ്പിൽ മീത്തൽ ജിസിക്ക് 34 പവനും 31 ലക്ഷം രൂപയും, ജിസിയുടെ അമ്മ റീജ പടിക്കലിന് 6 പവനും 2.80 ലക്ഷവും നഷ്ടമായി. അയൽവാസി ജിഷ പടിക്കലിന് 17 പവനും, കോക്കല്ലൂർ കുഞ്ഞോത്ത് പ്രീതക്ക് രണ്ടര പവൻ സ്വർണ്ണവും മൂന്നര ലക്ഷം രൂപയും നഷ്ടമായി. ഇങ്ങിനെ പലരിൽ നിന്നായി 430 പവൻ സ്വർണ്ണവും 80 ലക്ഷം രൂപയുമാണ് മിനി കൈക്കലാക്കിയത്.വർഷങ്ങളായി പരിചയമുള്ള വ്യക്തി സഹായം ചോദിച്ചപ്പോൾ നൽകിയതാണ്. ഇങ്ങിനെ അയൽവാസികളും നാട്ടുകാരുമായി ഏറെ അടുപ്പമുള്ളവരിൽ നിന്നാണ് മിനി പണവും സ്വർണ്ണവും തട്ടിയത്. ബാങ്കിൽ പലരുടേതായി വായ്പ തിരിച്ചടക്കാതെ മുടങ്ങിക്കിടക്കുന്ന ഈട് സ്വർണ്ണം ലേലത്തിൽ പിടിക്കാനെന്ന് പറഞ്ഞാണ് തട്ടിപ്പ്. ലേലത്തിൽ പിടിക്കുന്ന സ്വർണ്ണം വിറ്റ് ലാഭം കൈമാറാമെന്നും വാഗ്ദാനം. സഹകരണ ബാങ്കിൽ തന്റെ ജോലി സ്ഥിരപ്പെടുത്താനെന്ന് പറഞ്ഞ് മറ്റു ചിലരിൽ നിന്നും പണവും സ്വർണ്ണവും വാങ്ങി.ആദ്യം പണവും സ്വർണ്ണവും നൽകിയവർക്ക് ചെറിയ തുക ലാഭമെന്ന് പറഞ്ഞ് കൈമാറിയിരുന്നു. ഇതാണ് മറ്റുള്ളവരെ തട്ടിപ്പിലേക്ക് ആകർഷിച്ചത്. ഈ പണവും സ്വർണ്ണവും എന്ത് ചെയ്തുവെന്ന് വ്യക്തമല്ല. തട്ടിപ്പുമായി ബന്ധമില്ലെന്ന് ബാങ്ക് അധികൃതർ വിശദമാക്കി. സിപിഎം തുരുത്തിയോട് ബ്രാഞ്ച് അംഗമായിരുന്ന മിനിയെ തട്ടിപ്പ് പുറത്തായതോടെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. ഇരകൾക്കൊപ്പമാണെന്നും പണം തിരിച്ച് പിടിക്കാൻ ഇടപെടുന്നുണ്ടെന്നും പ്രാദേശിക സിപിഎം നേതാക്കൾ പറയുന്നത്. ഫോൺ സ്വിച്ചോഫാക്കിയ മിനി എവിടെ ഉണ്ടെന്നും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *