തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
തൃശൂർ: തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മടക്കത്തറ പഞ്ചായത്തിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു.രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാനും നിർദ്ദേശം നൽകി.രോഗം സ്ഥിരീകരിച്ച പന്നിഫാമിൽ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും.രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർക്കും ചുമതല നൽകി.ആഫ്രിക്കൻ പന്നിപ്പനി എച്ച് വൺ എൻ വൺ പനിയുടെ പ്രതിരോധത്തിൽ നിന്നും വ്യത്യസ്തമാണ്. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.