ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി: ബിജെപിയിലേക്ക് വോട്ടുകൾ ചോർന്നതിൽ ഞെട്ടൽ, തിരുത്തലിനൊരുങ്ങി സി.പി.ഐ.എം

Spread the love

തിരുവനന്തപുരം: മേഖല യോഗങ്ങൾക്ക് പിന്നാലെ തിരുത്തലിനൊരുങ്ങി സി.പി.ഐ.എം. രൂക്ഷ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്താനാണു നീക്കം.ക്ഷേമപെൻഷൻ കൃത്യമായി നൽകുന്നതടക്കമുള്ള ജനകീയ വിഷയങ്ങൾക്ക് മുൻഗണന നൽകാനാണ് ആലോചന.ബിജെപിയിലേക്ക് പോയ അടിസ്ഥാന വോട്ടുകൾ തിരികെ പിടിക്കാൻ കാര്യമായ ഇടപെടലും ഉണ്ടാകും.മൂന്നു ദിവസം നടന്ന മേഖല യോഗങ്ങളും,ജില്ലാ കമ്മിറ്റി യോഗങ്ങളിലെ വിമർശനങ്ങളും ഗൗരവമായി പരിഗണിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം.ഇടത് പാളയത്തിൽനിന്നും ചോർന്ന 90% വോട്ടും സിപിഐഎമ്മിന്റെതാണെന്ന തിരിച്ചറിവ്നേതൃത്വത്തിനുണ്ട്.തിരുത്തലിന്റെ ആദ്യപടി എന്ന നിലയിലാണ് കീഴ് ഘടകത്തിലുള്ള നേതാക്കന്മാരെ അടക്കം വിളിച്ച് മേഖല യോഗങ്ങളിൽ അഭിപ്രായം കേട്ടത്.ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങിയതാണ് തോൽവിയുടെ പടുകുഴിയിലേക്ക് വീഴാനുള്ള പ്രധാന കാരണമായി സി.പി.ഐ.എം വിലയിരുത്തുന്നത്.പണമില്ലാത്തതിന് കേന്ദ്ര സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയത് ജനങ്ങൾ അംഗീകരിച്ചില്ല എന്ന ബോധ്യവും ഉണ്ടായി.തിരുത്തൽ പ്രക്രിയയിൽ ആദ്യം സി.പി.ഐ.എം ചെയ്യാൻ പോകുന്നത് സർക്കാരിന്റെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തുക എന്നതാണ്.ക്ഷേമപെൻഷൻ കൃത്യമായി നൽകുക,സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശിക നൽകുക,സപ്ലൈകോ അടക്കമുള്ള സാധാരണക്കാരെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുക എന്നതൊക്കെയാകും പ്രഥമ പരിഗണന. സർക്കാരിൻറെ പ്രവർത്തനമാറ്റത്തിനൊപ്പം,നേതാക്കളുടെ പ്രവർത്തന ശൈലിയിലും മാറ്റണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് കാത്തിരുന്നു കാണണം.പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നത് സി.പി.ഐ.എമ്മിൽ ചെറിയ ഞെട്ടൽ അല്ല ഉണ്ടാക്കിയിരിക്കുന്നത്.ഭരണവിരുദ്ധ വികാരത്തിൻറെ ഭാഗമായിട്ടാണ് വോട്ട് പോയത് എന്ന ബോധ്യം സി.പി.ഐ.എമ്മിൽ ഉണ്ടെങ്കിലും പാർട്ടി അത് പരസ്യമായി അംഗീകരിക്കുന്നില്ല.ബിജെപിയിലേക്ക് പോയ അടിസ്ഥാന വോട്ടുകൾ,കേരളത്തിലെ സി.പി.ഐ.എമ്മിനെ ബംഗാൾ ഓർമ്മിപ്പിക്കുന്നുണ്ട്.അതുകൊണ്ട് തിരുത്തൽ രേഖ തയ്യാറാക്കുന്ന അടുത്ത സംസ്ഥാന കമ്മിറ്റി യോഗം നിർണായകമാണ്.കഴിഞ്ഞ മൂന്നുദിവസമായി നടന്ന മേഖല യോഗങ്ങളിലെ റിപ്പോർട്ടിങ് സിപിഐഎമ്മിനെതിരുത്തൽ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടുണ്ട്.ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും തിരുത്തൽ നടപടി ചർച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *