ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചു

Spread the love

കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചു. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് നിന്നെടുത്ത എംആര്‍ഐ സ്‌കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഡി.എം.ഒക്ക് എ.സി.പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ഷിന സമരം ചെയ്തുവരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയത്. സംഭവത്തില്‍ തുടര്‍ നടപടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് റിപ്പോര്‍ട്ട് വിലയിരുത്തും.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തല്‍. നേരത്തേ മെഡിക്കല്‍ കോളജിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് കത്രിക കുടുങ്ങിയത് എന്നതിന് തെളിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രികയുമായി യുവതി 5 വര്‍ഷം വേദന തിന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്‌തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ കത്രിക കണ്ടെത്തുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.തനിക്ക് 100 ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതെന്ന് ഹര്‍ഷിന പറഞ്ഞു. തനിക്ക് ഉണ്ടായ അവസ്ഥ ഇനിയൊരാള്‍ക്ക് ഉണ്ടാവരുത്. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഹര്‍ഷിന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *