വ്യാജസ്വർണനാണയം നൽകി തട്ടിപ്പ് നടത്തിയ കേസില്‍ കർണാടക സ്വദേശികൾ വടകരയിൽ അറസ്റ്റിൽ

Spread the love

വടകര: വ്യാജസ്വർണനാണയം നൽകി തട്ടിപ്പ് നടത്തിയ കേസില്‍ കർണാടക സ്വദേശികൾ വടകരയിൽ അറസ്റ്റിൽ. 2022 ജനുവരിയിൽ വടകര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് 6 പ്രതികൾ അറസ്റ്റിലായത്.വടകര ചോറോട് സ്വദേശി രാജേഷിൽ നിന്നാണ് മൂന്നംഗ സംഘം പണം തട്ടിയത്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം സംഘത്തെ മറ്റൊരാൾ വഴി ഫോണിൽ ബന്ധപ്പെട്ട് വീണ്ടും സ്വർണനാണയം ആവശ്യപ്പെടുകയായിരുന്നു.ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ സ്വർണനാണയവുമായി വടകരയിൽ എത്തിയപ്പോഴാണ് ആറ് പേരടങ്ങുന്ന സംഘത്തെ വടകര ഇൻസ്‌പെക്ടർ പിഎം. മനോജും സംഘവും കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് മൂന്ന് യഥാർഥ സ്വർണനാണയങ്ങളും ഒരു കിഴിയിൽ വ്യാജ സ്വർണനാണയങ്ങളും പിടിച്ചെടുത്തു. സംഘത്തിലെ മൂന്ന് പേർ തന്റെ പക്കൽ നിന്നും 2022-ൽ പണം തട്ടിയവരാണെന്ന് രാജേഷ് തിരിച്ചറിഞ്ഞു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി മൂന്ന് പേരെ പുതുതായി കേസിൽ കൂട്ടിച്ചേർത്തു.ചിക്കമംഗളൂരു കാഡൂരിലെ കുമാർ മഞ്ജുനാഥ് (47), മാതാപുരം വീരേഷു (40), ഷിമോഗ സ്വദേശി നടരാജ് (27), മാതാപുരം ചന്ദ്രപ്പ (45), ഷിമോഗ താത്തൂർ മോഹൻ (35), ഷിമോഗയിലെ തിമ്മേശ് (34) എന്നിവരാണ് അറസ്റ്റിലായത്.കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരെ ചോമ്പാല പോലീസാണ് ദേശീയപാതയിൽ വച്ച് പിടികൂടിയത്. ഈ രീതിയിൽ ഒട്ടേറെപ്പേർ തട്ടിപ്പിനിരയായതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. യുഡി കേസായതിനാൽ ഇത് വീണ്ടും പുനഃസ്ഥാപിച്ച ശേഷമായിരിക്കും തുടർനടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *