യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം കൊലപാതകമോ അപകടമരണമോ അല്ല ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഉടനെ കോടതിയിൽ കുറ്റപത്രം നൽകും. കിരണിൻ്റെ സുഹൃത്തായ പെൺകുട്ടിയേയും ഇവരുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രവി എന്നിവരെ കേസിൽ പ്രതി ചേർത്തേക്കും എന്നാണ് വിവരം.കഴിഞ്ഞ ജൂലൈ ഒൻപതിനാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ സഹോദരനും അളിയും ചേർന്ന് തട്ടിക്കൊണ്ടു പോയത്. പ്രതികൾ തട്ടിക്കൊണ്ടു പോയതിന് ശേഷം കിരണിനെ പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല. ദിവസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. തുട‍ർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം കിരണിൻ്റേത് തന്നെ എന്നുറപ്പിച്ചത്. കിരൺ കടപ്പുറത്തേക്ക് ഓടിപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. എന്നാൽ ഇയാളെ ആരെങ്കിലും പിന്തുടരുന്നതായി ദൃശ്യങ്ങളിൽ ഇല്ലായിരുന്നു. എന്നാൽ കിരണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം. ഇതോടെയാണ് കേസിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. ലഭ്യമായ എല്ലാ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കിരൺ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *