പ്രതിരോധ-ആണവ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി ഇന്ത്യയും ഫ്രാൻസും
പ്രതിരോധ-ആണവ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി ഇന്ത്യയും ഫ്രാൻസും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ധാരണയായത്. കൂടാതെ ഡൽഹിയിലെ പുതിയ നാഷണൽ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ചർച്ചയിൽ ധാരണയായി.നാവിക സേനയ്ക്ക് റഫാൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. ഫ്രാൻസ് ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണെന്ന് ചർച്ചയ്ക്ക് ശേഷം നടന്ന പ്രസ് മീറ്റിൽ നരേന്ദ്ര മോദി വ്യക്തമാക്കി.രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി ഫ്രാൻസിലെത്തിയത്. ദേശീയ ദിനാഘോഷത്തിലും മോദി മുഖ്യാതിഥിയായി പങ്കെടുത്തു. ബാസ്റ്റീൽ ദിനാഘോഷം എന്നറിയപ്പെടുന്ന ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കണ്ടിജന്റും റാഫേൽ യുദ്ധവിമാനങ്ങളും അണിനിരന്നു. എലിസി കൊട്ടാരത്തിൽ ഒരുക്കിയ വിരുന്നിലും മോദി പങ്കെടുത്തു. ഏറ്റവും ഉയർന്ന ഫ്രഞ്ചു ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.സന്ദർശനത്തിനിടെ ഇന്ത്യക്കാർക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ യുപിഐ പേയ്മെന്‍റ് സംവിധാനം ഇനി ഫ്രാൻസിലും ഉപയോഗിക്കാം എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. ഇതുവഴി ഫ്രാൻസിലെ ഇന്ത്യക്കാർക്ക് വലിയ സാധ്യത തെളിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം മാർസയിൽ പുതിയ കോൺസുലേറ്റ് തുറക്കാനും തീരുമാനമായി.