പക്ഷാഘാത സാധ്യത കൂടുതലുള്ള രക്ത ഗ്രൂപ്പ്; മുൻകരുതൽ നിർബന്ധം
എ ഗ്രൂപ്പിൽപ്പെട്ട രക്‌തമുള്ളവർക്ക് മറ്റ് രക്‌തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത അധികമാണെന്ന് പഠനത്തിൽ കണ്ടെത്തൽ. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ് സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 60 വയസ്സിന് താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉൾപ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റാ ഡേറ്റ വിശകലനത്തിലൂടെയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. എ രക്‌തഗ്രൂപ്പുള്ളവർക്ക് 60 വയസ്സിന് മുൻപ് തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന് ഗവേഷകർ പറയുന്നു. അതേ സമയം ഒ രക്‌തഗ്രൂപ്പുള്ളവർക്ക് ഇത്തരത്തിൽ പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും പഠനഫലം പറയുന്നു.ഒ ഗ്രൂപ്പ് അല്ലാത്ത രക്‌തഗ്രൂപ്പുള്ളവരിൽ വോൺ വില്ലബ്രാൻഡ് ഫാക്ടർ, ഫാക്‌ടർ എട്ട് എന്നിങ്ങനെയുള്ള ചില തരം പ്രോട്ടീനുകളുടെ തോത് അധികമായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. രക്തത്തെ കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് ഇത്. ഇവയുടെ അളവ് കൂടുന്നത് പക്ഷാഘാത സാധ്യത വർധിപ്പിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് ജനിതകപരമായ കാരണങ്ങൾ കൂടിയുണ്ടാകാമെന്നും കരുതപ്പെടുന്നു. എന്ന് വച്ച് എ രക്‌തഗ്രൂപ്പിൽപ്പെട്ട എല്ലാവർക്കും ചെറുപ്പത്തിൽ തന്നെ പക്ഷാഘാതം വരുമെന്ന് ഇതിനർത്ഥമില്ലെന്നും ജീവിതശൈലി, ചുറ്റുപാടുകൾ, മറ്റ് അപകട ഘടകങ്ങൾ എന്നിവ വലിയ പങ്ക് വഹിക്കാമെന്നും റിപ്പോർട്ട് കുട്ടിച്ചേർക്കുന്നു.ഉയർന്ന രക്തസമ്മർദം, പുകവലിയുടെ ചരിത്രം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന പ്രമേഹം, അമിതവണ്ണം, അലസമായ ജീവിതശൈലി, കുടുംബത്തിൽ ഹൃദ്രോഗ, പക്ഷാഘാത ചരിത്രം എന്നിവയുള്ളവർ പക്ഷാഘാത സാധ്യത കരുതിയിരിക്കേണ്ടതും ആവശ്യത്തിന് മുൻകരുതലുകൾ എടുക്കേണ്ടതുമാണ്. നിത്യവുമുള്ള വ്യായാമം, പ്രമേഹത്തിൻ്റെയും കൊളസ്ട്രോളിന്റെയും ഭാരത്തിന്റെയും നിയന്ത്രണം, ലീൻ പ്രോട്ടീനുകൾ, പച്ചക്കറികൾ, പഴങ്ങൾ, ഹോൾ ഗ്രെയ്‌നുകൾ എന്നിവ ചേർന്ന ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി ഉപേക്ഷിക്കൽ, ഇടയ്ക്കിടെയുള്ള രക്തസമ്മർദം അടക്കമുള്ള ആരോഗ്യ പരിശോധനകൾ എന്നിവയെല്ലാം പക്ഷാഘാത നിയന്ത്രണത്തിൽ സഹായകമാണ്.