അമേരിക്കയിലെ സ്ഫോടകവസ്തു നിർമ്മാണശാലയിൽ വൻ സ്ഫോടനം
അമേരിക്കയിലെ ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് എന്ന സ്ഫോടകവസ്തുനിർമ്മാണ കേന്ദ്രത്തിൽ ശക്തമായ പൊട്ടിത്തെറിയുണ്ടായതിനെത്തുടർന്ന് നിരവധി ജീവനുകൾ നഷ്ടപ്പെടുകയും പത്തൊമ്പതോളം പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്.ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള സ്ഫോടകവസ്തുക്കളും അനുബന്ധ ഉത്‌പന്നങ്ങളും നിർമ്മിക്കുന്ന ഈ പ്ലാന്റിലുണ്ടായ സ്ഫോടനത്തിന്റെ വ്യാപ്തി വലുതാണ്. മരണപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇതുവരെ ലഭ്യമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ അപകടത്തിൽപ്പെട്ടവരുടെ യഥാർത്ഥ കണക്കുകൾക്കായി അധികൃതർ ശ്രമിക്കുകയാണ്.സ്ഫോടനമുണ്ടായ പ്രദേശത്തുനിന്ന് സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അപകടസ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങളും കത്തിനശിച്ച നിലയിലുള്ള വാഹനങ്ങളും ചിതറിക്കിടക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ദുരന്തവുമായി ബന്ധപ്പെട്ട് പ്ലാന്റ് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.