ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാറിന്റെ ഭരണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ ജനക്ഷേമ പദ്ധതികളിലൂടെ 25 കോടിയിലധികം ആളുകളാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറിയത്. ഭാരത് മണ്ഡപത്തിൽ നടന്ന ഭാരത് മോബിലിറ്റി ഗ്ലോബൽ എക്സ്പോയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.2047 ഓടെ ഇന്ത്യ വികസിത രാജ്യമായി ഉയരുന്നതാണ്. ഈ ലക്ഷ്യത്തെ അധിഷ്ഠിതമാക്കിയാണ് രാജ്യം ഇപ്പോൾ നീങ്ങുന്നത്. മൊബിലിറ്റി മേഖലയിലൂടെയാണ് ഇന്ത്യ ഈ ലക്ഷ്യം കൈവരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. മൊബൈലിറ്റി മേഖലയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കത്തിൽ ഇന്ത്യ ചന്ദ്രനിൽ എത്തിയിട്ടുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥയും അതിവേഗം വളരുകയാണ്.2014-ന് 12 കോടി വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചിരുന്നത്. എന്നാൽ, എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 21 കോടിയിലധികം വാഹനങ്ങളാണ് വിറ്റഴിച്ചത്. കൂടാതെ, ഇരുചക്ര വാഹന വിൽപ്പനയിൽ 70 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ വാഹന വിപണി വലിയ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.