കേന്ദ്രം വിഹിതം കിട്ടുന്നില്ല: എൻഎച്ച്‌എമ്മിന്‌ 50 കോടി സംസ്ഥാനം അനുവദിച്ചു

Spread the love

തിരുവനന്തപുരംദേശീയ ആരോഗ്യ മിഷന്‌ (എൻഎച്ച്‌എം) കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂർ നൽകി. 50 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മിഷന്‌ കേന്ദ്ര വിഹിതമായി നിശ്ചയിച്ച തുകയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിക്കാത്ത സാഹചര്യത്തിൽ, പദ്ധതി പ്രവർത്തനം മുടങ്ങാതിരിക്കാനാണ്‌ സംസ്ഥാനം ഇടപെടുന്നത്‌.എൻഎച്ച്‌എമ്മിന്‌ 371 കോടി രൂപയാണ്‌ കേന്ദ്ര വിഹിതം നൽകാമെന്ന്‌ അറിയച്ചത്‌. ഇത്‌ നാലു ഗഡുക്കളായി ലഭ്യമാക്കുമെന്ന്‌ അറിയിപ്പിലുണ്ടായിരുന്നു. സാമ്പത്തിക വർഷത്തിൽ ഏഴു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം അനുവദിച്ചിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടി രുപയും, കേന്ദ്ര വിഹിതം മുൻകൂറായി 186.66 കോടി രൂപയും നേരത്തെ സംസ്ഥാനം അനുവദിച്ചിരുന്നു. നിലവിൽ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ മരുന്നിന്റെ പണം അടക്കം സമയത്തിന്‌ നൽകാനാകാത്ത സ്ഥിതിയുണ്ട്‌. ആശ വർക്കർമാരുടെ പ്രതിഫലം, 108 ആബുലൻസ്‌ ജീവനക്കാരുടെ വേതനം ഉൾപ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ്‌ സംസ്ഥാന ഇടപെടൽ. കേന്ദ്ര വിഹിതമുള്ളതും ഏതെങ്കിലും തരത്തിൽ കേന്ദ്ര സഹായമുള്ളതുമായ പദ്ധതികളിലെല്ലാം കേന്ദ്ര സർക്കാരിന്റെ പ്രചരണ സാമഗ്രികൾ ഉപയോഗിക്കണമെന്ന നിബന്ധന വച്ചിട്ടുണ്ട്‌. ഇതുപ്രകാരം അങ്കണവാടികളിലെ മാതൃ ശിശു പോഷക പൂരക പദ്ധതികൾ മുതലുള്ള എല്ലാ പദ്ധതികൾക്കും കേന്ദ്ര വിഹിതം വൈകിപ്പിക്കുകയോ, തടയുകയോ ചെയ്യുന്ന സ്ഥിതിയുണ്ട്‌. ഇതിന്റെ തുടർച്ചയായാണ്‌ എൻഎച്ച്‌എമ്മിന്റെ വിഹിതവും നിഷേധിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *