സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ജൈവ പ്രക്രിയകളിലൂടെ മാത്രം ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം ഒരു അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഡൈമീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളാണ് കെ2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ നിരീക്ഷിച്ചതില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയില്‍ ജീവജാലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ് ഇവ. ആല്‍ഗകള്‍ പോലുള്ള സൂക്ഷ്മജീവികളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. പുതിയ കണ്ടെത്തല്‍ ആവേശം നല്‍കുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ഈ ഗ്രഹം സൂക്ഷ്മജീവികളാല്‍ നിറഞ്ഞിരിക്കാമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും, അവിടെ യഥാര്‍ത്ഥ ജീവജാലങ്ങളെ കണ്ടെത്തിയതായി പ്രഖ്യാപിക്കുന്നില്ലെന്നും മറിച്ച് ഒരു ജൈവ പ്രക്രിയയുടെ സൂചകം ആണിതെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും കണ്ടെത്തലുകളെ ജാഗ്രതയോടെ കാണണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗരയൂഥത്തിvന് അപ്പുറത്തേക്ക് ജീവന്റെ സ്പന്ദനം തേടി നടത്തിക്കൊണ്ടിരുന്ന അന്വേഷണത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവാണിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയുടെ 8.6 മടങ്ങ് ഭാരമുള്ളതും ഏകദേശം 2.6 മടങ്ങ് വ്യാസമുള്ളതുമാണ് കെ2 – 18 ബി. ജീവന്റെ പ്രധാന ഘടകമായ ജലം ഒരു ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ദൂരത്തിലുള്ള വാസയോഗ്യമായ മേഖലയിലാണ് ഇതുള്ളത്. സൂര്യനേക്കാള്‍ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത്.
ഈ നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു ഗ്രഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 124 പ്രകാശവര്‍ഷം അകലെ ലിയോ നക്ഷത്ര സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കെ 2 18 ബിയില്‍ നിന്നുള്ള വിവരങ്ങള്‍ അതിശയം ജനിപ്പിക്കുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നിരുന്നാലും വിവരങ്ങള്‍ കഴിയുന്നത്ര സമഗ്രമായി പരിശോധിക്കുന്നതില്‍ വളരെ ശ്രദ്ധവേണം. അടുത്ത ആഴ്ച തന്നെ ആരംഭിക്കുന്ന ഡാറ്റ വിശകലനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകമെന്നാണ് റിപ്പോർട്ട്