ഗള്‍ഫ് പ്രതിസന്ധി: കേരളത്തില്‍ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം

Spread the love

തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായി രാജ്യത്തെ കയറ്റുമതി മേഖല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂർണമായും നിലച്ചു.കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ വ്യോമമാര്‍ഗമുള്ള കയറ്റുമതിയും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ വഴിയുള്ള ചരക്ക് നീക്കവും മുടങ്ങിയതാണ് പ്രതിസന്ധിയുടെ ആഘാതം കൂട്ടിയത്.റംസാൻ കാലത്ത് ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളം തെറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ഈ മേഖല. 150 ടണ്‍ പഴം പച്ചക്കറി വിഭവങ്ങളാണ് പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കയറ്റുമതി ചെയ്യുന്നത്. ഇതിന്റെ മൂന്നിലൊന്ന് ശതമാനവും തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായി വിമാന സർവീസുകള്‍ റദ്ദാക്കിയതോടെ ഒരു ടണ്‍ പോലും പിന്നീട് കയറ്റുമതി ചെയ്തിട്ടില്ല.ഗള്‍ഫ് മേഖലയിലേക്കാണ് പ്രധാനമായും പഴം, പച്ചക്കറി വിഭവങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്. കർഷകർക്കും കയറ്റുമതിക്കാർക്കും സീസണ്‍ ആയിരുന്ന റംസാൻ വിപണിയും ഇതോടുകൂടി നഷ്ടമായി. പഴം പച്ചക്കറി കയറ്റുമതി മുടങ്ങിയത് വലിയ നഷ്ടമെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. നിലവില്‍ ഒമാനിലേക്ക് മാത്രമാണ് വിമാന സർവീസുകള്‍ നടത്തുന്നത്. അതില്‍ തന്നെ വിമാന കമ്പനികള്‍ സാധാരണ കാർഗോ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. മേഖലയിലെ പ്രതിസന്ധി നീണ്ടു നിന്നാല്‍ കർഷകർക്കും കയറ്റുമതിക്കാർക്കും ഇനിയും വലിയ നഷ്ടം നേരിടേണ്ടി വരും. കൂടാതെ, ഇവ കുറഞ്ഞ വിലയ്ക്ക് നാട്ടില്‍ വിറ്റഴിക്കണം.

Leave a Reply

Your email address will not be published. Required fields are marked *