ഫ്രാന്‍സില്‍ പ്രതിഷേധം കനക്കുന്നു : 150 പേര്‍ അറസ്റ്റില്‍
പാരിസ്: ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രതിഷേധം കനക്കുന്നു.ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും നടന്ന പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായി. ‘ജസ്റ്റിസ് ഫോര്‍ നഹേല്‍’ എന്ന മുദ്രാവാക്യം മുഴക്കി, കറുത്ത മുഖംമൂടി ധരിച്ചെത്തിയ സമരക്കാര്‍ ടൗണ്‍ഹാളുകള്‍, സ്‌കൂളുകള്‍, പോലീസ് സ്റ്റേഷനുകള്‍, ബസുകള്‍ എന്നിവ അഗ്‌നിക്കിരയാക്കി.രാജ്യത്തെ രണ്ടാമത്തെ വലിയ തടവറയായ ഫ്രെസ്നെസിലെ ജയില്‍സമുച്ചയം പ്രതിഷേധക്കാര്‍ ആക്രമിച്ചു. പോലീസ് ബാരിക്കേഡുകളും തകര്‍ത്തു. തിരിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പോലീസിനുനേരെ കുപ്പികളെറിഞ്ഞു. ഒറ്റരാത്രിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത 150 പേരെ സുരക്ഷാസേന അറസ്റ്റുചെയ്തതായി ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞു.തന്റെ ഏകമകനു നീതികിട്ടുംവരെ പ്രതിഷേധിക്കുമെന്ന് നഹേലിന്റെ അമ്മ പറഞ്ഞു. ഗുരുതരസാഹചര്യം കണക്കിലെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യാഴാഴ്ച രാവിലെ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു.പോലീസിന്റെ കിരാതനടപടിയെ മനുഷ്യാവകാശസംഘടനകള്‍ അപലപിച്ചു. സംഭവത്തിനുപിന്നാലെ പാരിസിന്റെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന വംശീയന്യൂനപക്ഷങ്ങളെയും ദരിദ്രരായ ജനങ്ങളെയും പോലീസ് മോശം രീതിയിലാണ് പരിഗണിക്കുന്നതെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.പാരിസിലെ നാന്റെയില്‍ ആരംഭിച്ച പ്രതിഷേധം വടക്കന്‍ നഗരമായ ലില്ലെ, തെക്കുപടിഞ്ഞാറന്‍ നഗരമായ ടൗസൂള്‍, ഡിജോണ്‍, ലയോണ്‍ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ടൗസൂളിലും ലില്ലെയിലും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പാരിസിലും പ്രാന്തപ്രദേശങ്ങളിലുമായി 2000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.അല്‍ജീരിയന്‍ വംശജനായ 17-കാരന്‍ നഹേലിനെ ചൊവ്വാഴ്ച രാവിലെയാണ് ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് രണ്ടു ട്രാഫിക് പോലീസുകാര്‍ചേര്‍ന്ന് വെടിവെച്ചുകൊന്നത്. പോലീസുകാരനുനേരെ നഹേല്‍ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസിന്റെ കള്ളം പൊളിഞ്ഞു.