അഴിമതിക്കേസില്‍ അറസ്റ്റിലായ വി. സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി തമിഴ്നാട് ഗവര്‍ണർ :ഇടഞ്ഞ് സ്റ്റാലിന്‍; പിന്നാലെ ഉത്തരവ് പിന്‍വലിച്ചു
ചെന്നൈ: അഴിമതിക്കേസില്‍ അറസ്റ്റിലായ വി. സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍. രവിയുടെ അപൂര്‍വനടപടി. പിന്നാലെ ഉത്തരവ് മരവിപ്പിച്ചതായി രാത്രി വൈകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഗവര്‍ണര്‍ അറിയിച്ചു. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ഗവര്‍ണര്‍ തേടിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ഗവര്‍ണര്‍ അഭിപ്രായം ആരാഞ്ഞിരുന്നില്ല. ഇത് ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍.മന്ത്രിയെ നീക്കം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതികരിച്ചു.എന്നാല്‍, പുറത്താക്കിയ ഉത്തരവ് മരവിപ്പിക്കുന്നതായി രാത്രി വൈകി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.ബാലാജി ഗുരുതര ക്രിമിനല്‍ കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസ്ഥാനം ഉപയോഗിച്ച് അന്വേഷണത്തേയും നീതിവിര്‍വഹണത്തേയും സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് അദ്ദേഹത്തെ നീക്കിക്കൊണ്ട് ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ജൂണ്‍ 12ന് ഇ.ഡി. അറസ്റ്റുചെയ്ത സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടങ്കെിലും പിന്നീട് ജൂലായ് 12 വരെ കസ്റ്റഡി നീട്ടി. അദ്ദേഹം മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന് ഗവര്‍ണര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.. ബാലാജി കൈകാര്യംചെയ്തിരുന്ന വൈദ്യുതി, എക്സൈസ് വകുപ്പുകള്‍ മറ്റു രണ്ടു മന്ത്രിമാര്‍ക്ക് കൈമാറാന്‍ അദ്ദേഹം അനുവദിച്ചെങ്കിലും ബാലാജി മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍.അറസ്റ്റിനുപിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് ഓമന്ദുരാര്‍ ഗവണ്‍മെന്റ് എസ്റ്റേറ്റ് മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലാജിയ്ക്ക് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. സ്വകാര്യമേഖലയിലുള്ള കാവേരി ആശുപത്രിയില്‍ തനിക്ക് സ്ഥിരം ഡോക്ടറുണ്ടെന്നും അവിടെ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കണം എന്നുമുള്ള ബാലാജിയുടെ അഭ്യര്‍ഥന മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിരുന്നു.