കർശന നടപടിക്ക് ഡി.ജി.പി: പോലീസിലെ ക്രിമിനലുകളുടെ വിവരങ്ങൾ തേടി; 24 സി.ഐമാർക്ക് സ്ഥലംമാറ്റം

Spread the love

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുകാരുടെ വിവരങ്ങൾ തേടി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു. പോലീസ്-ഗുണ്ടാ ബന്ധം വെളിച്ചത്തായതോടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള കൂടുതൽ പോലീസുകാർക്കെതിരേ നടപടിയിലേക്ക് ഡിജിപി നീങ്ങുന്നത്. ഇതിനിടെ സംസ്ഥാനവ്യാപകമായി 24 എസ്.എച്ച്.ഒ.മാരെ സ്ഥലംമാറ്റി. ഗുണ്ടാബന്ധത്തിന്റെ പേരിൽ നടപടി നേരിട്ട സി.ഐ.മാർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.പോലീസ് സേനയിലെ കളങ്കിതർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് യൂണിറ്റ് മേധാവികൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനുള്ള നിർദേശം നൽകിയത്.ഐ.ജി.മാർ, ഡി.ഐ.ജി.മാർ, സിറ്റി പോലീസ് കമ്മിഷണർമാർ, ജില്ലാ പോലീസ് മേധാവികൾ ഉൾപ്പെടെയുള്ളവരാണ് പ്രതികളായവരുടെ പട്ടിക തയ്യാറാക്കേണ്ടത്. പോക്സോ, ബലാത്സംഗം, വിജിലൻസ് കേസ് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലുൾപ്പെട്ട പോലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സസ്പെൻഷൻ ഉൾപ്പെടെ ശിക്ഷാ നടപടികൾ നേരിട്ട പോലീസുകാരുടെ വിവരങ്ങളും ഡി.ജി.പി. തേടിയിട്ടുണ്ട്. മുൻകാല ഇന്റലിജൻസ് റിപ്പോർട്ടുകൾ പുനഃപരിശോധിക്കാനും ഡി.ജി.പി. ആവശ്യപ്പെട്ടിട്ടുണ്ട്.ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മുഴുവൻ പോലീസുകാരും നടപടി നേരിട്ട മംഗലപുരം പോലീസ് സ്റ്റേഷനിൽ പുതിയ എസ്.എച്ച്.ഒ.യെ നിയമിച്ചു. തിരുവനന്തപുരം സിറ്റി സൈബർ പോലീസ് സി.ഐ. സിജു കെ.എൽ. നായരാണ് മംഗലപുരം എസ്.എച്ച്.ഒ. സസ്പെൻഷനിലായ പേട്ട സി.ഐ. റിയാസ് രാജയ്ക്കു പകരം എസ്.എസ്. സുരേഷ് ബാബുവിനെയും നിയമിച്ചു. അതിനിടെ കസ്റ്റഡി കൊലപാതകം, മണൽ മാഫിയ ബന്ധം എന്നിവയുടെ പേരിൽ സസ്പെൻഷനിലായിരുന്ന തിരുവല്ല മുൻ എസ്.എച്ച്.ഒ. സുരേഷ് വി. നായരെ സർവീസിൽ തിരിച്ചെടുത്തു. താനൂർ കൺട്രോൾ റൂമിലാണ് പുതിയ നിയമനം.

Leave a Reply

Your email address will not be published. Required fields are marked *