6-ാമത് സാന്ദീപനി സേവാപുരസ്ക്കാരം സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്

തിരുവനന്തപുരം : സമൂഹത്തിൽ നിസ്വാർത്ഥ മനോഭാവത്തോടെ മാതൃകാപരവും, തുടർച്ചയായതുമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമയി ഏർപ്പെടുത്തിയിട്ടുളള സാന്ദീപനിയുടെ 6-ാമത് സേവാപുരസ്ക്കാരത്തിന് തിരുവനന്തപുരത്തെ സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിനെ തെരഞ്ഞെടുത്തിരിക്കുന്നു. ഭിന്നശേഷി കുട്ടികളുടെ അമ്മമാർ ചേർന്ന് ചാരിറ്റബിൾ ആക്ട് പ്രകാരം 2021 – മുതൽ രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന സംഘടനയാണ് സ്നേഹ സാന്ദ്രം.സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നഭിന്നശേഷി കുട്ടികളുടെ കുടുംബത്തിലെ ദൈനംദിനകാര്യങ്ങളിൽ ശ്രദ്ധിക്കുകയും അവൾക്ക് ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ, വസ്ത്രം, പുനരധിവാസ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനും വേണ്ടി സുമനസ്സുകളുടെ സഹായത്തോടെ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ തീരദേശപ്രദേശങ്ങളിലേയും, മലയോര പ്രദേശ ങ്ങളിലേയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യകിററ്, വീൽചെയർ, മറ്റു ചികിത്സാ ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ എത്തിച്ചു കൊടുക്കുന്നതിനും സദാ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഈ മേഖലയിൽ ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിനു നേതൃത്വം നൽകുന്നത് ഭിന്നശേഷി കുട്ടികളുടെ മാതാക്കളായിട്ടുള്ള ശ്രീമതി സിന്ധുവർമ്മയും (പ്രസിഡന്റ്), ശ്രീമതി ഷീജാ സാന്ദ്രയും (സെക്രട്ടറി) അവരോടൊപ്പം മറ്റുള്ള അമ്മമാരും ചേർന്നാണ്.ഇതിനകം തന്നെ സ്നേഹസാന്ദ്രത്തിന്റെ പ്രവർത്തകർക്ക് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്നേഹസാന്ദ്രത്തിന് സാന്ദീപനി സേവാപുരസ്ക്കാരം നൽകുന്നതിലൂടെ ആ സംഘടനയിലെ മുഴുവൻ പ്രവർത്തകരേയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നു.