അമരവിള ചെക്‌പോസ്റ്റിൽ MDMA യുമായി യുവാവ് അറസ്റ്റിൽ
നെയ്യാറ്റിൻകര : അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 10.15 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട MDMA യുമായി യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചക്ക് അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ സർക്കിൾ ഇൻസ്‌പെക്ടർ സി പി പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ നാഗർകോവിൽ നിന്നും വന്ന കാർ യാത്രക്കാരനായ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ ചിറ്റാഴ ദേശത്ത് പുന്നക്കുന്ന് ജെബിൻ നിവാസ്സിൽ ജയരാജ് മകൻ 21 വയസ്സുള്ള ജസ്റ്റിൻ രാജിനെ ആണ് അറസ്റ്റ് ചെയ്തത്.
ഇയാൾ ബാംഗ്ലൂരിൽ നിന്ന് MDMA വാങ്ങി ടൂറിസ്റ്റ് ബസ്സിൽ നാഗർകോവിലിൽ എത്തുകയും നാഗർകോവിലിൽ നിന്നും ടാക്സി കാറിൽ തിരുവനന്തപുരത്തേക്ക് വരികയുമായിരുന്നു. ഇയാളുടെ കൂട്ടാളിയും MDMA എത്തിക്കുന്നതിന് പണം മുടക്കുന്നതുമായ തിരുവനന്തപുരം കവടിയാർ സ്വദേശിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ടെക്നോപാർക് ഉൾപ്പടെയുള്ള ഇടങ്ങളിൽ ലഹരി വിതരണത്തിന്റെ പ്രധാന കണ്ണിയാണിയാൾ. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു. അര ഗ്രാം mdma കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ സി.പി പ്രവീൺ, എക്സൈസ് ഇൻസ്‌പെക്ടർ മോനി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദീൻ, മുഹമ്മദ് മീലാദ്, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.