ബില്ലടച്ചിട്ടും മന്ത്രി പി. പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി. നടപടി വന്നേക്കും
ചാരുംമൂട് (ആലപ്പുഴ): ബില്ലടച്ചിട്ടും മന്ത്രി പി. പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി. ഉന്നതോദ്യോഗസ്ഥസംഘം അന്വേഷണം നടത്തി ചീഫ് എന്‍ജിനിയര്‍ക്കു റിപ്പോര്‍ട്ടു നല്‍കി. ഉത്തരവാദികളായ നൂറനാട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും.ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം.വി. മധു, മാവേലിക്കര അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കെ.എസ്.ഇ.ബി. നൂറനാട് ഓഫീസിലും മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലെ വീട്ടിലും ചൊവ്വാഴ്ച പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായെന്നാണു വിവരം.ഫെബ്രുവരി 24-നു ബില്ലടച്ചിട്ടും മാര്‍ച്ച് രണ്ടിനു വൈദ്യുതി വിച്ഛേദിച്ചു. വിവരം മന്ത്രിയുടെ സുഹൃത്തായ പഞ്ചായത്തംഗം അജയഘോഷ് തിങ്കളാഴ്ച ഓഫീസില്‍ അറിയിച്ചശേഷമാണു വൈദ്യുതി പുനഃസ്ഥാപിച്ചതെന്നു ബോധ്യമായിട്ടുണ്ട്. മന്ത്രിയുടെ വീടാണെന്നറിയാമായിരുന്നിട്ടും നടപടിയെടുക്കാന്‍ വൈകി. വൈദ്യുതിയെത്തിയോ എന്നുറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. ചീഫ് എന്‍ജിനിയര്‍ അന്വേഷണറിപ്പോര്‍ട്ട് കെ.എസ്.ഇ.ബി. ഡയറക്ടര്‍ക്കു കൈമാറും.