വർക്കല പുന്നമൂട് ചന്തയിൽ നിന്നും 200 കിലോ രാസവസ്തുക്കൾ ചേർത്ത ചൂര മീൻ പിടികൂടി
തിരുവനന്തപുരം: വര്‍ക്കല പുന്നമൂട് പബ്ലിക് മാര്‍ക്കറ്റില്‍ നിന്നും കേടുവന്നതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ 200 കിലോ ചൂര മീന്‍ പിടികൂടി. നഗരത്തിലെ ഏറ്റവും വലിയ പബ്ലിക് മാര്‍ക്കറ്റാണ് പുന്നമൂട് മാര്‍ക്കറ്റ്. നൂറോളം മത്സ്യക്കച്ചവടക്കാര്‍ ഇവിടെ നിത്യേന മീന്‍ വില്‍പനക്കെത്താറുണ്ട്.വര്‍ക്കല ഫുഡ് സേഫ്റ്റി വിഭാഗവും വര്‍ക്കല നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് മത്സ്യങ്ങള്‍ പിടികൂടിയത്. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 200 കിലോ രാസവസ്തുകള്‍ ചേര്‍ത്ത ചൂര മത്സ്യമാണ് പിടികൂടിയതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ പ്രവീണ്‍ പറഞ്ഞു. വര്‍ക്കല നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍, അനീഷ്, സരിത, മുനിസിപ്പാലിറ്റി ജീവനക്കാരനായ അരുണ്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.