അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Spread the love

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. മൂന്ന് പ്രതികളും നാല് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർക്കാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2019 ജൂൺ 21നായിരുന്നു കൊലപാതകം. പ്രണയബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകാത്തതിനെ തുടർന്ന് രാഖിയെ പ്രതികൾ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ അഖിൽ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി ചെയ്യവെ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖിമോളെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.ഇതിനിടെ മറ്റൊരു യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും വിവാഹനിശ്ചയം നടത്തിയതിൻ്റെ ഫോട്ടോകൾ ഫെയ്സ്ബുക്കിൽ ഇടുകയും ചെയ്തു. ഇതേതുടർന്ന് യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് രാഖിയെ കൊല്ലാനുണ്ടായ കാരണം.സംഭവദിവസം രാഖിയെ അഖിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ വിളിച്ചുവരുത്തി അമ്പൂരിയിലുള്ള തൻ്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കയറ്റി. സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരും വാഹനത്തിൽ കയറി. വാഹനത്തിന്റെ മുന്നിലിരുന്ന രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അഖിലിൻ്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ടു.മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് പുവ്വാർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് ആദർശിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദർശിൻ്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും രാഹുലും പോലീസിന്റെ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *