കണ്ണൂർ കമ്മിഷണർ ഓഫിസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു
കണ്ണൂര്‍ :കണ്ണൂർ കമ്മിഷണർ ഓഫിസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു.ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊലപാതകം നടന്നത്. കണ്ണൂർ കണിച്ചാര്‍ സ്വദേശി ജിന്‍റോയാണ് (39) മരിച്ചത്.മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ മാര്‍ക്കറ്റില്‍ ലോഡ് ഇറക്കാനായെത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തിൽ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടർന്ന് ഓടിയ ജിന്റോ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളാണെന്ന് സംശയിക്കുന്ന ചിലരെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.