ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

Spread the love

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ട്രയിനിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ അറിയുന്നവർ എത്രയും വേ​ഗം ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം. ഒഡിഷയിലെ ഉദ്യോഗസ്ഥരുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 1000ലേറെ പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ അപകട മേഖല സന്ദർശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.ഇന്ത്യ കണ്ട വലിയ ദുരന്തത്തിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *